തിരുവനന്തപുരം: ഹൈടെക് കോപ്പിയടി കണ്ടെത്തിയതിനാൽ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) ഞായറാഴ്ച രാജ്യവ്യാപകമായി നടത്തിയ മൂന്ന് തസ്തികകളിലേക്കുള്ള പരീക്ഷ റദ്ദാക്കി. ടെക്നീഷ്യൻ -ബി, ഡ്രാഫ്റ്റ്സ്മാൻ -ബി, റേഡിയോഗ്രാഫർ -എ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് റദ്ദാക്കിയത്. പുതിയ പരീക്ഷ സംബന്ധിച്ച് വി.എസ്.എസ്.സി വെബ്സൈറ്റിൽ അറിയിപ്പുണ്ടാകും.
പട്ടം സെന്റ് മേരീസ് സ്കൂളിലും വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലും പരീക്ഷയെഴുതിയ ഹരിയാന സ്വദേശികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷയിൽ ഹരിയാനക്കാരായ 469 പേർ പങ്കെടുത്തിരുന്നു. ഒരേ സ്ഥലത്തുനിന്ന് ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമെന്നാണ് സംശയിക്കുന്നത്.
തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ട്. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിങ് സെന്റർ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. ഉദ്യോഗാർഥിക്കുവേണ്ടി മറ്റാളുകളാണ് പരീക്ഷയെഴുതാനെത്തിയതെന്നാണ് കണ്ടെത്തൽ. പരീക്ഷ നടന്ന ഞായറാഴ്ച രാവിലെ കോപ്പിയടി സംബന്ധിച്ച് ഹരിയാനയിൽനിന്ന് തിരുവനന്തപുരം പൊലീസിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചിരുന്നു. ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനിൽ കുമാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ആൾമാറാട്ടത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.