പ്ലസ് വൺ കെമിസ്ട്രി:അപേക്ഷകരെ വെട്ടി ഉത്തര സൂചിക തയാറാക്കാൻ പഴയ സമിതി

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക വിവാദത്തിനു പിന്നാലെ അപേക്ഷകരായ അധ്യാപകരെ വെട്ടി പ്ലസ് വൺ കെമിസ്ട്രി ഉത്തര സൂചിക തയാറാക്കാൻ പ്രത്യേക സമിതി. പ്ലസ് ടു ഉത്തര സൂചിക വിവാദമായതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നിയോഗിച്ച 15 അംഗ സമിതിയിലെ 11 പേരെ ഉൾപ്പെടുത്തിയാണ് പ്ലസ് വൺ സൂചിക തയാറാക്കാൻ 13അംഗ സമിതി തയാറാക്കിയത്.

പരീക്ഷ മാന്വൽ പ്രകാരം സീനിയറായ അധ്യാപകരെ പരിഗണിച്ചായിരിക്കണം ഉത്തരസൂചിക തയാറാക്കാനുള്ള സമിതിയുണ്ടാക്കേണ്ടത്. എന്നാൽ, അധ്യാപകരുടെ അപേക്ഷ തള്ളി ഹയർസെക്കൻഡറി പരീക്ഷ വിഭാഗം സ്വന്തം നിലക്ക് പ്ലസ് ടു ഉത്തരസൂചിക തയാറാക്കാനായി നിയോഗിച്ച സമിതിയെതന്നെ പ്ലസ് വൺ സൂചിക തയാറാക്കാൻ നിയോഗിച്ചിരിക്കുന്നത്.

സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയവരിൽ ഒരാൾ വിവാദമായ പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇദ്ദേഹം തയാറാക്കിയ പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറിലും അതോടൊപ്പം നൽകിയ ഉത്തര സൂചികയിലും പിഴവുകൾ ഏറെയുണ്ടായിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധ സമിതിയെ നിയോഗിച്ച് പുതിയ സൂചിക തയാറാക്കിയത്.

ഇതേ സമിതിയിലേക്ക് പ്ലസ് ടു ചോദ്യം തയാറാക്കിയ അധ്യാപകനെ കൂടി ചേർത്താണ് പ്ലസ് വൺ സൂചിക തയാറാക്കാനുള്ള സമിതിക്ക് രൂപം നൽകിയത്.

ചോദ്യപേപ്പറിലെയും ഉത്തര സൂചികയിലെയും പ്രശ്നങ്ങൾ കാരണം പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിജയശതമാനവും എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞ വിവാദം നിലനിൽക്കെയാണ് പഴയ സംഘത്തെതന്നെ പ്ലസ് വൺ സൂചിക തയാറാക്കാനും ചുമതലപ്പെടുത്തിയത്.

അപേക്ഷകരായ അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിച്ചാണ് ഉത്തരസൂചിക തയാറാക്കാനുള്ള പാനൽ തയാറാക്കേണ്ടതെന്ന് പരിഷ്കരിച്ചിറക്കിയ പരീക്ഷ മാന്വലിൽ പറയുന്നുണ്ട്.

മറ്റു വിഷയങ്ങൾക്കെല്ലാം അപേക്ഷകരിൽനിന്ന് പാനൽ തയാറാക്കിയപ്പോഴാണ് കെമിസ്ട്രിക്ക് മാത്രം ഹയർസെക്കൻഡറി പരീക്ഷ വിഭാഗം ഇഷ്ടക്കാരെ ഉൾപ്പെടുത്തി പാനൽ തയാറാക്കിയതെന്നാണ് ആക്ഷേപം.

Tags:    
News Summary - Plus one chemistry exam answer key issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.