തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിൽ മലബാർ മേഖലയെ അവഗണിക്കുന്നെന്ന വാദത്തിന് പ്രസക്തിയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ഒരു ആശങ്കക്കും അടിസ്ഥാനമില്ല. കഴിഞ്ഞ വർഷത്തെ പോലെ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കെല്ലാം പ്രവേശനം ഉറപ്പു വരുത്തും.
ജില്ല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മുൻ വർഷങ്ങളിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പ്ലസ് വൺ സീറ്റുകൾ നിലവിലുള്ളത്. 67,106 പ്ലസ് വൺ സീറ്റുകൾ അവിടെ നിലവിലുണ്ട്., രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്; 42,862. എയ്ഡഡ് സ്കൂളുകളിൽ 10 ശതമാനം അധിക സീറ്റുകൾ കൂടി വരുന്നതോടെ അത്രയും സീറ്റുകൾ ഈ വർഷവും ഉണ്ടാകും. മലപ്പുറം ജില്ലയിൽ സീറ്റ് കുറവുണ്ടായാൽ പ്രത്യേക ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇത് സർക്കാറിന്റെ പരിഗണനയിൽ ഇല്ലെന്നും ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവെ മന്ത്രി വ്യക്തമാക്കി. ചാവറയച്ചനെ സ്കൂൾ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.
10ാം ക്ലാസിലും ഹയർസെക്കൻഡറിതലത്തിലും ചാവറയച്ചനെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം വൈകാതെ സർക്കാറിന് ലഭിക്കുമെന്നും ശിപാർശകൾ പരിശോധിച്ച് തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
243 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടാനും 27 എണ്ണം തുടർന്നു പോകാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഈ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാ വളന്റിയർമാരെ സീനിയോറിറ്റിയുടെയും സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പി.ടി.സി.എം/ എഫ്.ടി.എം. (പാർട്ട് ടൈം കണ്ടിൻജൻസി മീനിയൽ / ഫുൾ ടൈം മീനിയൽ) തസ്തികയിൽ സ്ഥിരം നിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.