തിരുവനന്തപുരം: സംസ്ഥാനത്തെ അൺ എയ്ഡഡ് ഹയർ സെക്കൻഡറികളിൽ മെറിറ്റ് പാലിക്കാതെ നടത്തുന്ന പ്ലസ് വൺ പ്രവേശനത്തിനും സർക്കാർ പൂട്ടിടുന്നു. അൺ എയ്ഡഡ് സ്കൂളുകളിൽ 40 ശതമാനം സീറ്റ് മെറിറ്റിലും 12 ശതമാനം എസ്.സി, എട്ട് ശതമാനം എസ്.ടി സംവരണത്തിലും പ്രവേശനം നടത്തണമെന്നാണ് നിലവിലുള്ള നിയമം. അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാച്ചുകൾ അനുവദിച്ചുള്ള സർക്കാർ ഉത്തരവുകളിൽ ഇക്കാര്യം വ്യക്തമാക്കാറുണ്ട്. ഇൗ വർഷം മുതൽ ഇത് കർശനമായി നടപ്പാക്കാനാണ് തീരുമാനം.
ഇതിന്‍റെ ഭാഗമായി പ്രോസ്പെക്ടസിൽ അൺ എയ്ഡഡ് സ്കൂളുകളിലെ പ്രവേശന വ്യവസ്ഥകൾ കൂടി ചേർത്തിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകൾ പ്ലസ് വൺ പ്രവേശനത്തിന് പ്രത്യേകം അപേക്ഷ ക്ഷണിച്ച് 40 ശതമാനം സീറ്റിലേക്ക് വിദ്യാർഥികളുടെ ഗ്രേഡ് പോയൻറ് ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം. 12 ശതമാനം എസ്.സി, എട്ട് ശതമാനം എസ്.ടി സംവരണവും ഉറപ്പാക്കണം. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളാണ് മാനേജ്മെൻറ് േക്വാട്ട സീറ്റ്.
അൺ എയ്ഡഡ് സ്കൂളിൽ പ്രവേശനം ലഭിക്കാതെ വന്നതിനെ തുടർന്ന് 2017ൽ എസ്.സി വിദ്യാർഥി ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രമുഖ എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലേതുൾപ്പെടെയുള്ള അൺ എയ്ഡഡ് സ്കൂളുകൾ രണ്ടു ലക്ഷം രൂപവരെ തലവരി വാങ്ങി നേരത്തേ തന്നെ വിദ്യാർഥി പ്രവേശനം നടത്തുന്നതാണ് നിലവിലെ രീതി.
ഇത് തടയാൻ ലക്ഷ്യമിട്ടുകൂടിയാണ് മെറിറ്റും സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം. സ്കൂൾതലത്തിൽ തയാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം സർക്കാർ നിശ്ചയിച്ച സമയക്രമം അനുസരിച്ച് മാത്രമേ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നടത്താൻ പാടുള്ളൂവെന്ന് പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്.
എസ്.സി/എസ്.ടി സീറ്റുകളിലേക്ക് അപേക്ഷകരില്ലെങ്കിൽ അവ മെറിറ്റ് അടിസ്ഥാനത്തിൽ നികത്തണം. പ്രോസ്െപക്ടസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി നടത്തുന്ന പ്രവേശനം പുനഃപരിശോധിക്കാനും റദ്ദ് ചെയ്യാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.