പച്ചക്കറിക്കടയിൽ നിന്ന് പാമ്പ് കടിയേറ്റ് പ്ലസ് ടു വിദ‍്യാർഥി മരിച്ചു

നിലമ്പൂർ: എടക്കരയിലെ പച്ചക്കറികടയിൽ നിന്ന് പാമ്പ് കടിയേറ്റ് വിദ‍്യാർഥി മരിച്ചു. വഴിക്കടവ് ആനപ്പാറയിലെ പുത്തൻവീട്ടിൽ നൗഷാദിന്‍റെ മകൻ എടക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ‍്യാർഥി സിനാൻ (17) ആണ് മരിച്ചത്. സ്കൂളിലെ എൻ.എസ്.എസ് വളന്റിയറാണ്.

സ്കൂൾ അവധിയുള്ള ദിവസങ്ങളിലും സ്കൂൾ വിട്ട ശേഷവും എടക്കരയിലെ പച്ചക്കറി കടയിൽ ജോലിക്ക് നിൽക്കാറുണ്ട്. തിങ്കളാഴ്ച വൈകീട്ട് നാലിനും 4.30നും ഇടയിലാണ് കടയിൽനിന്നും പാമ്പിന്‍റെ കടിയേറ്റതായി സംശയിക്കുന്നത്. പാമ്പിനെ കണ്ടെത്താനായിട്ടില്ല.

തളർച്ച അനുഭവപ്പെട്ട കുട്ടിയെ എടക്കരയിലെ സ്വകാര‍്യാശുപത്രിയിലും പിന്നീട് വിഷ ചികിത്സാലയത്തിലും കാണിച്ചു. ശേഷം നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പാമ്പ് കടിയേറ്റാണ് കുട്ടി മരിച്ചതെന്ന് ജില്ല ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ചൊവ്വാഴ്ച ആനപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മാതാവ്: സജ്ന. സഹോദരൻ: സിഫാൻ (ഏഴാം ക്ലാസ് വിദ‍്യാർഥി, മാമാങ്കര എ.യു.പി സ്കൂൾ). 

Tags:    
News Summary - plus two student dies after snake bites from vegetable shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.