ഗവർണർ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് പി.എം. ആർഷോ

തേഞ്ഞിപ്പലം (മലപ്പുറം): ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധിക്കാനെത്തിയ ആർഷോ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ആർ.എസ്.എസ് അജണ്ട ഒരു കാരണവശാലും സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പാക്കാൻ അനുവദിക്കില്ല. ആർ.എസ്.എസ് വിചാരകേന്ദ്രം പരിപാടിക്കെത്തുന്ന ഗവർണർ സർവകലാശാലയിലെ അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തടസപ്പെടുത്തി. സ്വയം ധൈര്യശാലിയാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം സർവകലാശാലയുടെ നാല് ഗസ്റ്റ് ഹൗസുകൾ പൂർണമായി ഒഴിപ്പിക്കാൻ രാജ്ഭവനിൽ നിന്ന് നിർദേശം നൽകി. കനത്ത പൊലീസ് സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എത്ര ശക്തമായ പൊലീസ് സുരക്ഷയിലും കരുത്തുറ്റ സമരം ജനാധിപത്യപരമായി തുടരും. സമരത്തിലേക്ക് കടന്നുവന്ന് പ്രകോപനം സൃഷ്ടിക്കാനുള്ള ഗവർണറുടെ നീക്കത്തെ പക്വമായി കൈകാര്യം ചെയ്യും.

സർവകലാശാലകളെ കാവിവൽകരിക്കാനുള്ള സംഘ്പരിവാർ അജണ്ടക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ അപ്പക്കഷ്ണം തിന്ന് മുട്ടിൽ ഇഴയുന്നവരായി യു.ഡി.എഫ് നേതാക്കൾ മാറി. കാലിക്കറ്റ് സെനറ്റിലേക്ക് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിൽ നിന്ന് ബി.ജെ.പി ഓഫീസ് വഴി രണ്ടു പേരുടെ ലിസ്റ്റ് പോയിട്ടുണ്ട്. വി.സി നൽകിയ ലിസ്റ്റ് വെട്ടി പകരം അംഗങ്ങളെ ഉൾപ്പെടുത്തിയത് ഏത് കേന്ദ്രത്തിൽ നിന്ന് ലഭിച്ച ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത ഏഴ് യുഡി.എഫ് പ്രതിനിധികൾ ആർജവമുണ്ടെങ്കിൽ രാജിവെച്ച് മൗനം വെടിയണമെന്നും ആർഷോ ആവശ്യപ്പെട്ടു.

Tags:    
News Summary - PM Arsho attack to Governor Arif Mohammed Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.