കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ റാലിയിലേക്കുള്ള ക്ഷണം തള്ളാതെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ വിഷയത്തിൽ കൂടിയാലോചന നടത്തി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. സി.പി.എം ഫലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്നു കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു കെ. സുധാകരൻ പറഞ്ഞത്. സി.പി.എമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നും സുധാകരൻ പറഞ്ഞു.
എല്ലാവരും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞതാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് അറിയില്ല. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെ നേതൃത്വം അത് പരിശോധിക്കണമെന്നും പി.എം.എ.സലാം പറഞ്ഞു.
ഫലസ്തീൻ വിഷയം ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല, മനുഷ്യാവകാശ പ്രശ്നമാണെന്നും അത് യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും സലാം വ്യക്തമാക്കി.
ഇ.ടി മുഹമ്മദ് ബഷീറിന്റെ പറഞ്ഞതിനോടുള്ള സലാമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
"ഇ.ടി ഞങ്ങളുടെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൂടിയാലോചിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തത്. പാർട്ടിയുടെ പൊതു അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ഒന്നുകൂടി കൂടിയിരുന്ന് ഔദ്യോഗിക തീരുമാനമാക്കി ഉടൻ വരും."- പി.എം.എ സലാം പ്രതികരിച്ചു.
അതേസമയം, മുസ്‍ലിം ലീഗ് യു.ഡി.എഫിന്‍റെ ഭാഗമാണെന്ന് കെ. സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം.കെ മുനീർ പറഞ്ഞു. എല്ലാവരും കൂട്ടായാണ് യു.ഡി.എഫിൽ തീരുമാനങ്ങൾ എടുക്കാറുള്ളത്. ലീഗ് എന്നും യു.ഡി.എഫിന്‍റെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എം.കെ മുനീർ വ്യക്തമാക്കി. സി.പി.എം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഈ വിഷയത്തിൽ ആലോചിച്ച് അന്തിമ തീരുമാനം സ്വീകരിക്കുമെന്ന് മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.