പൊലീസിന്‍റെ ഉന്തിലുംതള്ളിലും പതിനെട്ടാംപടിക്ക് മേലെ നിലതെറ്റി വീണ തീർഥാടകൻ നിലത്തു വീണ ഇരുമുടിക്കെട്ട് എടുക്കാൻ ശ്രമിക്കുന്നു

ശബരിമല ഭക്തർക്ക് നേരെ പൊലീസ് ബലം പ്രയോഗിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നതായി പരാതി

ശബരിമല: പതിനെട്ടാം പടിയിൽ പൊലീസ് ഭക്തർക്ക് മേൽ ബലംപ്രയോഗിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നതായി പരാതി. പടി ഡ്യൂട്ടിയിലുള്ള പൊലീസിന്‍റെ ഉന്തിലും തള്ളിലുംപെട്ട് കുട്ടികളും പ്രായമായവരുമായ തീർഥാടകർ പതിനെട്ടാം പടിയിൽ വീണ് പരിക്കേൽക്കുകയും പവിത്രമായ ഇരുമുടിക്കെട്ട് തലയിൽ നിന്ന് താഴെ വീഴുകയും ചെയ്യുന്നു. 

സന്നിധാനത്ത് കഴിഞ്ഞ ദിവസം ചുമതലയേറ്റ പൊലീസിന്‍റെ നാലാം ബാച്ചിൽ പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട  ഉദ്യോഗസ്ഥരാണ് തീർഥാടകരോട് ഇത്തരത്തിൽ പെരുമാറുന്നത്. നാലാംപടി മുതൽ പതിനഞ്ചാം പടി വരെയാണ് ബലപ്രയോഗം കൂടുതലായി നടക്കുന്നതെന്നാണ് പരാതി. തീർഥാടകരെ പിന്നിൽ നിന്നും ശക്തിയായി തള്ളുകയും മുമ്പിൽ നിന്നും പിടിച്ചു വലിക്കുകയും ചെയ്യുന്നതു മൂലം ഇവർ നിലതെറ്റി വീഴുകയാണ്. 

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പടിയിൽ നിലതെറ്റി വീണ് ഒരു കുട്ടി അടക്കം മൂന്നു തീർഥാടകർക്ക് പരിക്കേറ്റിരുന്നു. മുട്ടിന് പരിക്കേറ്റ് കരഞ്ഞുകൊണ്ട് പടിക്കു മുകളിൽ എത്തിയ കുട്ടിക്ക് എൻ.ഡി.ആർ.എഫ് സേനാംഗങ്ങൾ ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി.

ഇതിനിടെ സ്ഥലത്ത് മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം മനസിലാക്കിയതോടെ കൊടിമരച്ചുവട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്ത്രപരമായി കുട്ടിയെയും ഒപ്പം ഉണ്ടായിരുന്ന പിതാവിനെയും ആശ്വസിപ്പിച്ച് ദർശനത്തിനായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ നൽകിയ കർശന നിർദേശങ്ങൾ അവഗണിച്ച് പടി ഡ്യൂട്ടിയിൽ ഉള്ള ചില പൊലീസുകാരാണ് ഇത്തരം പ്രവർത്തികൾ നടത്തുന്നത്.

തിരക്ക് ക്രമാതീതമായി വർധിക്കാതിരിക്കാൻ പതിനെട്ടാം പടിയിലൂടെ ഒരു മിനിട്ടിൽ ശരാശരി 85 തീർഥാടകരെയെങ്കിലും കയറ്റിവിടണം. ഇതിനായി പടികയറുന്ന തീർഥാടകരുടെ ഇടുപ്പിലും ഷോൾഡറിലും പിടിച്ച് കയറാനുള്ള സഹായമാണ് പൊലീസ് ചെയ്യേണ്ടത്. ഇത് ആയാസകരമായ ജോലിയാണ്. ഇക്കാരണത്താൽ ഇവർക്ക് 15 മിനിട്ട് മാത്രമാണ് ഒരു സമയം ഡ്യൂട്ടി നൽകുന്നത്.

അതേ സമയം, മണ്ഡലകാലാരംഭം മുതൽ പടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് പൊലീസ് ബാച്ചുകളും പരാതി രഹിതമായും തീർഥാടകരോട് അനുഭാവ പൂർണവുമായാണ് ഇടപെട്ടിരുന്നത്. ഇത് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - Police are using force and using foul language against the Sabarimala devotees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.