ന്യൂഡൽഹി/മലപ്പുറം: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചവരെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി, വെൽഫെയർ പാർട്ടി, എസ്.ഐ.ഒ , എം.എസ്.എഫ്, ഫ്രറ്റേണിറ്റി തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ച ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് തകർത്ത യു.പി പൊലീസിനെതിരെയും മുസ്ലിം വംശഹത്യക്കെതിരെയും മലപ്പുറത്ത് ദേശീയപാത ഉപരോധിച്ച് സമരം നടത്താനെത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർക്കുനേരെ പൊലീസിന്റെ ക്രൂരമർദനം. ദേശീയപാതയിൽ കുന്നുമ്മലിൽ സെന്റ് ജെമ്മാസ് സ്കൂളിന് മുൻവശം പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായെത്തി റോഡിൽ ഇരിക്കുന്നതിനുമുമ്പ് പൊലീസ് ഇവരെ ക്രൂരമായി മർദിച്ച് ആട്ടിയോടിക്കുകയായിരുന്നു.
ഒരുമിനിറ്റുപോലും പ്രവർത്തകർ ദേശീയപാത ഉപരോധിക്കാതെയാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. പ്രവർത്തകർക്കെതിരെ തുടരെ ലാത്തിവീശിയ പൊലീസ് ആക്രമണം ഏറെ നേരം തുടർന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പൊലീസ് വാഹനത്തിലും ആക്രമിച്ചു. ഒരുപ്രകോപനവും കൂടാതെയാണ് ലാത്തി പ്രയോഗിച്ച് പൊലീസ് ആക്രമിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. പൊലീസ് ആക്രമണത്തിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ, വൈസ് പ്രസിഡന്റ് ഹാദി ഹസൻ, മാഹിർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കുപുറമെ ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂർ, മിസ്അബ് കോട്ടക്കൽ, റബീഹ്, മുഅ്മിൻ, ശുഹൈബ്, ഹസനുൽ ബന്ന, അബ്ദുൽ സലാം, സഹൽ ഉമ്മത്തൂർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നരനായാട്ടിലും നേതാക്കളുടെ കസ്റ്റഡിയിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി പ്രതിഷേധപ്രകടനങ്ങൾ നടന്നു. സമരവുമായി ബന്ധപ്പെട്ട് 10 ഫ്രറ്റേണിറ്റി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി മലപ്പുറം പൊലീസ് അറിയിച്ചു.
യു.പിയിലും ഝാർഖണ്ഡിലും നടക്കുന്ന സംഭവവികാസങ്ങൾ രാഷ്ട്ര മനഃസാക്ഷിയെതന്നെ ഞെട്ടിപ്പിക്കുന്നതാണെന്നും ഈ സംഭവങ്ങളിൽ പ്രതിഷേധങ്ങളുടെ വായ് മൂടിക്കെട്ടുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.
ഉത്തർപ്രദേശിൽ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അന്യായമായി തടങ്കലിലാക്കപ്പെട്ടവരുടെ വീടും സ്ഥാപനങ്ങളുമെല്ലാം തകർക്കുന്നവിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത് ഭീതിജനകമാണ്. ഇന്ത്യപോലുള്ള ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാറുകൾതന്നെ അവർക്കെതിരെ ഒരുവിധ ദയയുമില്ലാതെ വെടികളുതിർക്കുകയാണ് -ഇ.ടി പറഞ്ഞു.
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തതിലൂടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം വംശഹത്യക്ക് വേണ്ടിയുള്ള കലാപത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ പിതാവായ ജാവേദ് മുഹമ്മദ് ഹിന്ദുത്വ പ്രതിനിധികളായ നൂപുർ ശർമയും നവീൻ ജിൻഡാലും നടത്തിയ പ്രവാചക വിദ്വേഷത്തിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നൽകിയ നേതാവാണ്. മുസ്ലിം സമൂഹത്തെ നശിപ്പിക്കാനുള്ള ആർ.എസ്.എസിന്റെ ഗൂഢപദ്ധതിക്ക് കളമൊരുക്കാനാണ് യു.പിയിൽ യോഗി പൊലീസ് ശ്രമിക്കുന്നത്. രാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്ലിം സമൂഹത്തിനെതിരെ മനുഷ്യാവകാശ ലംഘനം നടക്കുമ്പോഴും ഭരണകൂടത്തിനെതിരെ നിശ്ശബ്ദരായിരിക്കുന്ന ഇതരരാഷ്ട്രീയ പാർട്ടികളുടെ സമീപനം ഞെട്ടിപ്പിക്കുന്നതാണ് -അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തും വീടുപൊളിച്ചും സമ്മർദത്തിലാക്കി നിശ്ശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് എസ്.ഐ.ഒ. വീടുകൾ തകർക്കാൻ കഴിയും, പക്ഷേ ഒരിക്കലും ദൃഢനിശ്ചത്തെ തകർക്കാൻ കഴിയില്ല. വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദും കുടുംബാംഗങ്ങൾക്കും എല്ലാ പിന്തുണയും നൽകും. അറസ്റ്റും വീടുപൊളിച്ചതും നടപടിക്രമങ്ങൾ പാലിക്കാതെയാണ്. മുസ്ലിംകളെ അപമാനിക്കാനും രാജ്യത്തെ ധ്രുവീകരിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും എസ്.ഐ.ഒ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്ലാമിനെതിരായ തുടർച്ചയായ ആക്രമണത്തിലൂടെ, ഭരണകക്ഷി ഇന്ത്യയുടെ മതേതരഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു. ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾ അനിവാര്യമാണ്.
പ്രക്ഷോഭങ്ങളുടെ പേരിൽ വ്യാപക അറസ്റ്റാണ് നടക്കുന്നത്. യോഗിസർക്കാർ മുസ്ലിംകളുടെ വീടുകളും സ്വത്തുക്കളും ബുൾഡോസർ ചെയ്യുന്നു. സമരക്കാരെ സാമൂഹികവിരുദ്ധർ എന്ന് പേരിട്ട് മർദിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് പൊലീസിന് സമ്പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.