തിരുവനന്തപുരം: നിർദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് രാത്രികാല പട്രോളിങ്ങിന് പോകുന്ന പൊലീസുകാർക്ക് തോക്ക് (പിസ്റ്റൾ) ഒപ്പം കരുതാൻ മടി. മാറിമാറിവരുന്ന പൊലീസ് മേധാവികൾ നിർദേശം നൽകാറുണ്ടെങ്കിലും നടപടിക്രമങ്ങളിലെ നൂലാമാലകൾ ഭയന്നാണ് പൊലീസുകാർ പിന്മാറുന്നതെന്ന് സേനാവൃത്തങ്ങൾ പറയുന്നു.
എസ്.എച്ച്.ഒയാണ് പിസ്റ്റളിന്റെ കസ്റ്റോഡിയൻ. രാത്രി പട്രോളിങ്ങിന് പോകുന്ന സംഘം ഡ്യൂട്ടിയിലുള്ള ഓഫിസറുടെയോ റൈറ്ററുടെയോ മുന്നിൽ രജിസ്റ്ററിൽ ഒപ്പിട്ട് വേണം പിസ്റ്റൾ ഏറ്റുവാങ്ങാൻ. പിറ്റേദിവസം രാവിലെ എട്ടിന് ഓഫിസറോ റൈറ്ററോ ഡ്യൂട്ടിക്ക് വരുമ്പോൾ വെടിയുണ്ട ഉൾപ്പെടെ എണ്ണി തിട്ടപ്പെടുത്തി തിരിച്ച് നൽകണമെന്നാണ് വ്യവസ്ഥ.
തോക്ക് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം എസ്.എച്ച്.ഒ ഉൾപ്പെടെ വഹിക്കണം. ഈ പൊല്ലാപ്പ് ഒഴിവാക്കാനാണ് പിസ്റ്റൾ കൈയിൽ കരുതാതിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപെടുമ്പോൾ സർക്കുലർ അയക്കാറുണ്ടെങ്കിലും തോക്കിൽ തൊട്ടാൽ കൈപൊള്ളുമെന്ന് പേടിച്ച് പൊലീസുകാർ ഇത് ഗൗനിക്കാറില്ല.
കൊട്ടാരക്കര ആശുപത്രിയിൽ വനിത ഡോക്ടറെ കൊലപ്പെടുത്തുമ്പോഴും ആക്രമിയെ നേരിടാനെത്തിയ പൊലീസ് സംഘത്തിന്റെ കൈവശം പിസ്റ്റൾ പോയിട്ട് ലാത്തിപോലും ഉണ്ടായിരുന്നില്ലെന്ന ആക്ഷേപമുണ്ട്. കോടതിയും രൂക്ഷമായി ഇതിനെ വിമർശിച്ചിരുന്നു. ആവശ്യത്തിന് പിസ്റ്റൾ നൽകിയിട്ടുണ്ടെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. സ്റ്റേഷനുകളിലെ വെള്ളിയാഴ്ച പരേഡ് ദിവസം മാത്രം തുടച്ച് വൃത്തിയാക്കി വെക്കുമെന്നല്ലാതെ പൊലീസുകാർ തോക്ക് കാണാറില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.