നടുറോഡിൽ ദലിത് പെൺകുട്ടിക്ക് ക്രൂര മർദനം: പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്

പൂച്ചാക്കൽ (ആലപ്പുഴ): പൂച്ചാക്കലിൽ നടുറോഡിൽ ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടിയില്ലെന്ന് ആക്ഷേപം. പൊലീസ് ഇതുവരെയും പ്രതികളെ പിടികൂടാൻ തയാറായിട്ടില്ലെന്ന് മർദനമേറ്റ തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് അഞ്ചുപുരക്കൽ നിലാവ് എന്ന 19കാരി പറഞ്ഞു. ആക്രമണത്തിൽ അയൽവാസി കൈതവിള വീട്ടിൽ ഷൈജുവിനെതിരെ പൂച്ചാക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പക്ഷേ, ഒളിവിലുള്ള ഇയാളെ പിടികൂടാനായിട്ടില്ല.

ഷൈജുവിന്‍റെ മകനും പരാതിക്കാരിയായ നിലാവിന്‍റെ സഹോദരന്മാരും കളിക്കുന്നതിനിടയിലുണ്ടായ കശപിശയാണ് മർദനത്തിൽ കലാശിച്ചത്. ബഹളത്തിനിടയിൽ പ്രായപൂർത്തിയാകാത്ത മകളെ ആക്രമിച്ചുവെന്നാണ് ഷൈജുവിന്‍റെ ആരോപണം. തന്‍റെ സഹോദരന്മാരെ മർദ്ദിച്ചെന്ന് ആരോപിച്ച് നിലാവ് പൂച്ചാക്കൽ പൊലീസിൽ ഞായറാഴ്ച ഉച്ചക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് പെൺകുട്ടിക്ക് നേരെ റോഡിൽ ആക്രമണമുണ്ടായത്.

റോഡിൽവെച്ച് സഹോദരങ്ങളെ ഉപദ്രവിക്കുന്നത് തടയാൻ ചെന്നപ്പോൾ പെൺകുട്ടിക്ക് മർദനമേൽക്കുകയായിരുന്നു. തന്നെ ക്രൂരമായി മർദിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും എഴുന്നേൽക്കാനും നടക്കാനും പോലും പറ്റാത്ത അവസ്ഥയാണെന്നും തുറവൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പറഞ്ഞു.

ഇന്നലെയാണ് ക്രൂര ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനമേറ്റ നിലാവ് തുറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

യുവതിയെ ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചു

തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മർദ്ദനത്തിന് വിധേയയായ ദലിത് യുവതി അഞ്ചുപുരക്കൽ നിലാവിനെ തുറവൂർ ഗവ. ആശുപത്രിയിൽ കെ.പി.സി.സി രാഷ്ട്രിയ കാര്യസമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചു. വീട്ടുകാരോടും പ്രദേശവാസികളോടും വിഷയത്തെ സംബന്ധിച്ച് അന്വേഷിച്ചറിഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. തുടക്കം മുതലേ പൊലിസ് സ്വീകരിക്കുന്ന അലംഭാവത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു. പി.ടി. രാധാകൃഷ്ണൻ, അസീസ് പായിക്കാട്, അപ്പുക്കുട്ടൻ നായർ, സുദർശനൻ മാധവപള്ളി, രതീനാരായണൻ, ബാബു തൈക്കാട്ടുശ്ശേരി, ഷെരീഫ്, സിന്ധു ഷൈബു, മോഹനൻ പിള്ള, രാജേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ബി.ജെ.പി പ്രതിഷേധിച്ചു

ദലിത് യുവതിയെ ആക്രമിച്ചവരെ പൊലീസ് സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മർദന ദൃശ്യം പുറത്ത് വന്നതോടെയാണ് പൊലീസ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതെന്നും അപ്പോഴേക്കും പ്രതികൾ ഒളിവിൽ പോയിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.

Tags:    
News Summary - Police not arresting the attackers of Poochakkal dalit girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.