കൊച്ചി: ശബരിമല ദർശനത്തിനെത്തിയ നടൻ ദിലീപിനും സംഘത്തിനും പൊലീസ് വഴിവിട്ട സഹായം നൽകിയിട്ടില്ലെന്ന് ശബരിമല സ്‌പെഷൽ പൊലീസ് ഓഫിസർ ഹൈകോടതിയിൽ. ദിലീപ്, സുഹൃത്ത് ശരത്, ഡ്രൈവർ അപ്പുണ്ണി എന്നിവർ കുറച്ചുനേരം കാത്തുനിന്നപ്പോൾ ഇവിടെയുണ്ടായിരുന്ന രണ്ട് ദേവസ്വം ഗാർഡുമാരാണ് ദിലീപിനെയും മറ്റുള്ളവരെയും ആദ്യ നിരയിലേക്ക് കയറി നിൽക്കാൻ അനുവദിച്ചതെന്നും സ്‌പെഷൽ ഓഫിസർ പി. ബിജോയ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
ഈ ഭാഗം ദേവസ്വം ഗാർഡുമാരുടെ പരിധിയിലായതിനാൽ സോപാനം സ്‌പെഷൽ ഓഫിസർക്കാണ് ഉത്തരവാദിത്തം. നടന് പ്രത്യേക പരിഗണന നൽകിയിട്ടില്ല. ദിലീപിന്‍റെ സന്ദർശനം സംബന്ധിച്ച് തങ്ങൾക്ക് മുൻകൂട്ടി വിവരം ലഭിച്ചിട്ടില്ല. ഡിസംബർ അഞ്ചിന് രാത്രി ഹരിവരാസനത്തിന് നട അടക്കുന്നതിന് 10 മിനിറ്റ് മുമ്പ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറും അസി. എക്‌സിക്യൂട്ടീവ് ഓഫിസറുമൊത്താണ് ദിലീപ് എത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആ സമയത്ത് ആലപ്പുഴ ജില്ലാ ജഡ്ജിയും മകനും സോപാന നടയിൽ ഉണ്ടായിരുന്നു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ദിലീപിന്റെ ദർശന വിവാദത്തിൽ സോപാനം ഓഫിസറും ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹരജികൾ വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.