പൊലീസ് പിടികൂടിയ മാലിന്യവാഹനം പൊതുനിരത്തിൽ നിർത്തിയിട്ട നിലയിൽ

പൊലീസ് പിടിച്ചത് 'നാറ്റംബോംബ്', റോഡരികിൽ ഉപേക്ഷിച്ചു; ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ

കിളിമാനൂർ: പൊലീസ് പിടികൂടിയ മാലിന്യവാഹനം പൊതുനിരത്തിൽ നിർത്തിയിട്ടത് നാട്ടുകാരെ പൊറുതിമുട്ടിച്ചു. സമീപത്തെ വീട്ടുകാരും വഴിയാത്രക്കാരും രാവും പകലും ദുർഗന്ധത്തിൽ തള്ളി നീക്കി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് മാലിന്യം കയറ്റിവന്ന കെ. എൽ 41- ടി. 1899 വാഹനം പൊലീസ് പിടികൂടിയത്. ഇതുവരെ വാഹനം ഇവിടെ നിന്ന് മാറ്റിയിട്ടില്ല.

തെരുവോരങ്ങളിൽ മാലിന്യം തള്ളുന്നുവെന്ന പരാതി തുടർന്നായിരുന്നു അടച്ചുമൂടിയ നിലയിൽ വന്ന പിക് അപ് വാൻ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, പിടിച്ചെടുത്ത വാഹനത്തിൽ കോഴിവേസ്റ്റ് അടക്കമുള്ള മാലിന്യമാണെന്ന് അറിഞ്ഞ പൊലീസ്, വാഹനം സ്റ്റേഷനിലെത്തിക്കാതെ കിളിമാനൂർ ടൗണിനോട് ചേർന്നുള്ള വലിയ പാലത്തിന് സമീപം നിർത്തിയിട്ടു. ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

പാലത്തിന് സമീപമാണ് സർക്കാർ ജീവനക്കാരടക്കം വാഹനം പാർക്ക് ചെയ്ത് ജോലി സ്ഥലത്തേക്ക് പോകുന്നത്. രാവിലെ പത്ത് പണിയോടെ കിളിമാനൂർ ടൗണിലടക്കം രൂക്ഷമായ ദുർഗന്ധം പടർന്നു. സമീപത്തെ ആറ്റിൽ മാലിന്യം നിക്ഷേപിച്ചിട്ടുണ്ടോയെന്ന് സംശയിച്ച് പലരും നിരീക്ഷണം നടത്തി. ഇതിനിടെ വാഹനത്തിൽ നിന്നും മലിനജലം റോഡിലൂടെ ഒഴുകി പ്രദേശമാകെ ദുർഗന്ധം പടർന്നു.

സമീപത്തായി സർക്കാർ യു.പി സ്കൂളും ക്ഷേത്രവും പ്രവർത്തിക്കുന്നുണ്ട്. റോഡിലൂടെ കാൽനടക്കാർക്ക് പോലും നടക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. ഈ വിഷയം അറിയിച്ചിട്ടും പൊലീസ് തുടർ നടപടിയൊന്നും സ്വീകരിച്ചില്ല. പൊലീസ് പിടികൂടിയ വാഹനം സ്റ്റേഷനിലെത്തിക്കാതെ നാട്ടുകാർക്ക് ദുർഗന്ധം നൽകും വിധം തെരുവിൽ ഉപേക്ഷിച്ച നടപടിയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

Tags:    
News Summary - Police seized garbage truck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.