കോഴിക്കോട്: ജില്ലയിൽ പാകിസ്താൻ പൗരത്വം ഉള്ളവര്‍ക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പൊലീസ് പിന്‍വലിച്ചു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
മൂന്നു പേര്‍ക്കായിരുന്നു കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ നോട്ടീസ് നല്‍കിയത്. മൂന്നുപേരും ലോങ് ടേം വിസക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ എന്നിവർക്കാണ് ഞായറാഴ്ചക്കകം രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്.
പാക് പൗരത്വമുള്ള നിങ്ങൾ മതിയായ രേഖകൾ ഇല്ലാതെയാണ് ഇന്ത്യയിൽ കഴിയുന്നതെന്ന് ബോധ്യപ്പെട്ടതിനാൽ രാജ്യം വിട്ടുപോകണമെന്നാണ് വടകര, കൊയിലാണ്ടി പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നത്. രാജ്യം വിട്ടുപോകാത്തപക്ഷം നിയമ നടപടികളുണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഖമറുന്നീസ, അസ്മ എന്നിവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022ലാണ് വടകരയിലെത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസക്ക് അപേക്ഷിച്ചെങ്കിലും ഇവർക്ക് ലഭിച്ചില്ലെന്നാണ് വിവരം.
കേരളത്തില്‍ ജനിച്ച ഹംസ 1965ലാണ് തൊഴില്‍ തേടി പാകിസ്താനിലേക്ക് പോയത്. ബംഗ്ലാദേശ് വിഭജന ശേഷം 1972ല്‍ നാട്ടിലേക്ക് വരാന്‍ പാസ്‌പോര്‍ട്ട് ആവശ്യമായി വന്നപ്പോഴാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. 2007ല്‍ കച്ചവടം അവസാനിപ്പിച്ച് കേരളത്തിലെത്തിയ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ ലഭിച്ചു എന്ന മറുപടി മാത്രമാണ് ലഭിച്ചതത്രെ. കൊയിലാണ്ടിയിൽ ജനിച്ച് ഇവിടെ വിദ്യാഭ്യാസം നേടിയ 72കാരനായ ഹംസക്ക് ഇവിടെ തന്നെ ജീവിച്ചുമരിക്കാനാണ് ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കിയിരുന്നു. പിന്നാലെ പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശവും നല്‍കി. തുടർന്നാണ് ലോക്കൽ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ പാക് പൗരത്വമുള്ളവരെ കണ്ടെത്തി നോട്ടീസ് നൽകാൻ തുടങ്ങിയത്. വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ പാക് പൗരത്വമുള്ളവരെ കണ്ടെത്താൻ ജനപ്രതിനിധികളുടെയടക്കം സഹായത്തോടെ പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.