തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ മുന്നറിയിപ്പുകൾ പൊലീസ് അവഗണിച്ചതാണ് സംസ്ഥാനത്ത് അടിക്കടിയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഗുണ്ടാ ആക്രമണങ്ങൾക്കും വഴിതെളിച്ചതെന്ന് ആക്ഷേപം. ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് പാർട്ടികളുടെ സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ. എസ്.ഡി.പി.െഎ സംസ്ഥാന നേതാവ് കൊല്ലപ്പെട്ടതിനെതുടർന്ന് പട്രോളിങ് ശക്തമാക്കിയിട്ടും മണിക്കൂറുകൾക്കുള്ളിൽ ഒ.ബി.സി മോർച്ച സംസ്ഥാന ഭാരവാഹിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവം പൊലീസിനെ പ്രതിരോധത്തിലാക്കി. കാര്യപ്രാപ്തിയുള്ളവരെ അവഗണിച്ച് താരതമ്യേന ജൂനിയറായ ഉദ്യോഗസ്ഥരെ രാഷ്ട്രീയതാൽപര്യം മുൻനിർത്തി സ്ഥാനക്കയറ്റം നൽകി പ്രധാന തസ്തികകളിൽ നിയമിക്കുന്നതും ഇൗ അവസ്ഥക്ക് കാരണമാകുന്നെന്ന് സേനക്കുള്ളിൽ സംസാരമുണ്ട്.
ആസൂത്രണഘട്ടത്തിൽതന്നെ കണ്ടെത്തി തടയുന്നതിന് പകരം അനിഷ്ട സംഭവങ്ങളുണ്ടായിക്കഴിഞ്ഞാണ് പൊലീസ് നടപടികൾ. ആലപ്പുഴയിൽ ജാഗ്രത നിർദേശം നിലനിൽക്കെയാണ് രണ്ട് നേതാക്കൾ കൊല്ലപ്പെട്ടത്. ആഴ്ചകൾക്ക് മുമ്പ് പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് സഞ്ജിത്തിെൻറയും തൃശൂരിലെ ബി.ജെ.പി പ്രവർത്തകെൻറയും കൊലപാതകമുണ്ടായപ്പോൾ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ പ്രത്യാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം ചർച്ചയായി. തുടർന്ന് എല്ലാ ജില്ലയിലും ജാഗ്രത പുലർത്തുന്നതിനിടെയാണ് തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ ഗുണ്ടകൾ വെട്ടിക്കൊന്നത്. അതിന് പിന്നാലെയാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം.
ഇതിനെ തുടർന്ന് അനിഷ്ടസംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കർശനനിയന്ത്രണങ്ങൾ ഏർെപ്പടുത്തി ഇപ്പോൾ പൊലീസ് സജീവമായത്. സംഘർഷസാധ്യതയുള്ള സ്ഥലങ്ങൾ നേരത്തേ കണ്ടെത്തി അവിടങ്ങളിൽ കൂടുതൽ പൊലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കുകയും വാഹനപരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.