മലപ്പുറം: ഇബ്രാഹീം കുഞ്ഞ് എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മുസ്ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഇബ്രാഹീംകുഞ്ഞ് പാലത്തിെൻറ തകർച്ചക്ക് ഉത്തരവാദിയല്ല. സാങ്കേതിക തകരാറുണ്ടെങ്കിൽ അതിന് കാരണക്കാരായവരെയാണ് ശിക്ഷിക്കേണ്ടത്. അത് കോടതിയിൽ ചോദ്യം ചെയ്യാനും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും മലപ്പുറത്ത് ചേർന്ന നേതൃയോഗം തീരുമാനിച്ചു.
ഇടതു സർക്കാറിനെതിരെ ഉയർന്നു വന്ന ഗുരുതരമായ കേസുകളിൽ പിടിച്ചു നിൽക്കാനാവാത്തതിെൻറ പേരിൽ ബാലൻസ് ചെയ്യാൻ മാത്രമാണ് ലീഗ് എം.എൽ.എമാർക്കെതിരെ വ്യാജ കുറ്റങ്ങൾ ചുമത്തി അറസ്റ്റുൾപ്പടെയുള്ള നടപടിയുമായി മുന്നോട്ട് പോകുന്നതെന്നാണ് വിലയിരുത്തൽ. ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം മാത്രമാണിത്. ഇതിനെ ശക്തമായി ചെറുക്കും. പൊതുജനത്തിന് മുമ്പിൽ ഇത് തുറന്നു കാണിക്കാനാവും. പ്രതികാര രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ ഇടതു വിരുദ്ധ വികാരമുണ്ടാക്കാൻ സഹായകരമാവുമെന്നും ലീഗ് കണക്കു കൂട്ടുന്നു.
കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന് കുറ്റപ്പെടുത്തുന്നവരാണിത് ചെയ്യുന്നതെന്ന് ജനം തിരിച്ചറിയുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവെച്ചു. മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ പ്രതികാരമാണെന്നും ലീഗ് മന്ത്രിമാരുടെ മുന്നിലും ഇപ്പോഴത്തെ ഇടതു മന്ത്രിമാരുടെ ഇത്തരം കേസുകളുടെ ഫയലുകൾ വന്നിട്ടുണ്ടെന്നും അന്നൊന്നും ഇത്തരം നടപടികളെടുത്തിട്ടില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അറസ്റ്റിെൻറ പശ്ചാത്തലത്തിൽ മലപ്പുറത്ത് ബുധനാഴ്ച ചേർന്ന ലീഗ് അടിയന്തര യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗ്നമായ അധികാര ദുർവിനിയോഗമാണിത്. മതിയായ ഒരു കാരണവുമില്ലാതെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം പല തവണ യോഗം ചേർന്നതിന് ശേഷം തീരുമാനമെടുത്താണ് അറസ്റ്റ് നടന്നിരിക്കുന്നത്. എൽ.ഡി.എഫ് കൺവീനർ നമ്പറിട്ട് തിരക്കഥ തയാറാക്കിയാണ് ഓരോരുത്തരെ തീരുമാനിക്കുന്നത്. ഇടതു സർക്കാർ ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. തോന്നിയതു പോലെ അറസ്റ്റ് ചെയ്യാനൊന്നും ജനാധിപത്യത്തിൽ സാധ്യമല്ല. നാണംകെട്ട രാഷ്ട്രീയമാണിതിന് പിന്നിൽ. അറസ്റ്റ് ആവശ്യമില്ലാത്ത ഘട്ടത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിത് ചെയ്യുന്നതെന്ന് ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.