തിരുവനന്തപുരം: രാഷ്ട്രീയക്കാർ സ്വയം നന്നായിട്ട് വേണം നാട് നന്നാക്കാനെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സന്ദേശം സിനിമയിലൂടെ പറയാൻ ശ്രമിച്ചത് അതാണ്. എന്നാൽ, സിനിമയെ അരാഷ്ട്രീയമെന്ന് മുദ്രകുത്താനാണ് ഒരുവിഭാഗം ശ്രമിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സമരങ്ങളില്ലാത്ത സ്കൂളുകൾ തേടിപ്പിടിച്ച് കുട്ടികളെ ചേർക്കുന്ന രക്ഷാകർത്താക്കളുണ്ട്. ഇത്തരം കുട്ടികൾ പത്താംക്ലാസ് കഴിഞ്ഞ് പ്രത്യേക വിഭാഗമായി മാറി ഐ.എ.എസുകാരും ഐ.പി.എസുകാരുമാകും. പക്ഷേ, സാധാരണ സ്കുളുകളിൽ പഠിച്ച് ബസിന് കല്ലെറിഞ്ഞും സമരം ചെയ്തും വന്നവരാണ് പിന്നീട് ഈ നാട് അറിഞ്ഞതും നാട് ഭരിച്ചതും.
സിനിമ സൂപ്പർ ഹിറ്റാകുമ്പോൾ മനസ്സിൽ അറിയാതെ പൊങ്ങച്ചം വരും. പക്ഷേ, എന്നെ സംബന്ധിച്ച് അത്തരം പൊങ്ങച്ചം എന്നിൽ വളരാൻ എന്‍റെ കുടുംബം, പ്രത്യേകിച്ച് ഭാര്യ അനുവദിക്കാറില്ലെന്നതാണ് സത്യം. നാടോടിക്കാറ്റ് സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് രാത്രി ഭാര്യ നിമ്മി പഞ്ഞു. അതേ, കുട്ടയിൽ ഇരിക്കുന്ന കൊപ്ര അരിയണം. നാളെ ആട്ടാൻ കൊടുക്കാനുള്ളതാണ്. സിനിമയൊക്കെ അങ്ങ് ഓടും, പക്ഷേ വായിലോട്ട് എന്തെങ്കിലും ചെല്ലണമെങ്കിൽ കൊപ്ര ആട്ടിയാലേ പറ്റൂ.
ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, തിലകൻ, ഫിലോമിന, കെ.പി.എ.സി ലളിത തുടങ്ങിയവരുടെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ച സംവിധായകൻ ഒരുപക്ഷേ ഞാനാണ്. പ്രമുഖ നായകന്മാരും നായികമാരും ഇല്ലെങ്കിലും ഞാൻ സിനിമ ചെയ്യും. പക്ഷേ, ഇത്തരം ആർട്ടിസ്റ്റുകളുടെ പിൻബലം വേണമെന്നുമാത്രം.
പുതിയ സംവിധായകരുടെ സിനിമകൾ ഇപ്പോൾ എന്നെപ്പോലുള്ളവർക്ക് പാഠമാണ്. പലപ്പോഴും അത്തരം സംവിധായകരുടെ നമ്പർ തേടിപ്പിടിച്ച് വിളിച്ച് അഭിനന്ദിക്കാറുണ്ട്. ഇത്തരം സിനിമകൾ നമ്മുടെ അടുത്ത സിനിമകൾക്കൊപ്പമുള്ള പ്രചോദനമാണ്. ഞങ്ങൾ മത്സരിക്കേണ്ടത് പുതുതലമുറയോടാണ്. എന്‍റെയും ശ്രീനിവാസന്‍റെയും മക്കൾക്കൊപ്പമാണ് ഞാനും മത്സരിക്കേണ്ടത്. വിജയമല്ല ഒരു സിനിമയല്ല മേന്മയാണ് ഒരുസിനിമയെ നിലനിർത്തുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.