തിരുവനന്തപുരം: 18ാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നെഞ്ചേറ്റി തലസ്ഥാനം ഒടുവിൽ വിധിയെഴുതി. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ 66.43 ശതമാനവും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ 69.40 ശതമാനവും വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് 73.66 ശതമാനവും ആറ്റിങ്ങലിൽ 75.44 ശതമാനവുമായിരുന്നു ഇത്. അവസാന കണക്കിൽ നേരിയ വ്യത്യാസം വരാമെങ്കിലും രണ്ടിടങ്ങളിലെയും മുൻകാലത്തേതിനെക്കാളുള്ള വോട്ടിങ് ശതമാനക്കുറവ് മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതിനൊപ്പം കണക്കുകൂട്ടലുകളും തെറ്റിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ 5.30 ഓടെതന്നെ ജില്ലയിലെ 2730 പോളിങ് സ്റ്റേഷനുകളിലും മോക്ക് പോളിങ് ആരംഭിച്ചു. ഇലക്ഷൻ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. കനത്ത ചൂടിൽനിന്ന് രക്ഷപ്പെടാൻ രാവിലെ 6.30 മുതൽ തന്നെ സ്ത്രീകളും മുതിർന്നവരും യുവജനങ്ങളും ഉൾെപ്പടെ പോളിങ്ങിനെത്തി. മോക് പോളിങ് പൂർത്തിയാക്കി കൃത്യം ഏഴുമണിയോടെ പോളിങ് ആരംഭിച്ചു.
14,30,531വോട്ടർമാരുള്ള തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ആദ്യത്തെ ഒന്നരമണിക്കൂറിൽ 82677 വോട്ടർമാരാണ് (5.77ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതേസമയം 13,96,807 വോട്ടർമാരുള്ള ആറ്റിങ്ങൽ മണ്ഡലത്തിലാകട്ടെ ഒന്നരമണിക്കൂറിനുള്ളിൽ ഇത് 90719 (6.49 ശതമാനം) പേരായിരുന്നു.
ഇതോടെ സംസ്ഥാനത്ത് ആദ്യമണിക്കൂറിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയ മണ്ഡലമായി ആറ്റിങ്ങൽ മാറി. എന്നാൽ രാവിലെ 10.30ഓടെ ചൂട് വോട്ടിങ് വേഗത്തെ തളർത്തിയതോടെ മറ്റ് മണ്ഡലങ്ങൾ മുന്നിലെത്തി.
ഉച്ചക്ക് ഒരു മണിയോടെ ആറ്റിങ്ങലിൽ 5,90,048 പേരും (42.24 ശതമാനം) തിരുവനന്തപുരത്ത് 5,66,254 പേരും വോട്ട് രേഖപ്പെടുത്തി. നഗരമേഖലയെ അപേക്ഷിച്ച് മലയോര തീരദേശമേഖലകളിലായിരുന്നു വോട്ടിങ്ങിന്റെ ആവേശം ഏറെയുണ്ടായത്. ഉച്ചവെയിൽ പാതി തണുത്തതോടെ ഇരുമണ്ഡലങ്ങളിലെയും വോട്ടിങ് ശതമാനം 50 കടന്നു.
തിരുവനന്തപുരത്ത് മൂന്നുമണിയോടെ 14,30,531 വോട്ടർമാരിൽ 7,31,402 പേർ വോട്ടുചെയ്തപ്പോൾ ആറ്റിങ്ങലിൽ 7,50,915 പേരാണ് പോളിങ് ബൂത്തിലെത്തിയത്. പോളിങ് അവസാനിക്കാൻ ഒരുമണിക്കൂർ ശേഷിക്കെ ആറ്റിങ്ങലിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 9,21,356 ആയി (65.96 ശതമാനം) ഉയർന്നു.
ഇവരിൽ 4,27,187 പുരുഷന്മാരും 4,94,157 സ്ത്രീകളുമാണ്. 12 ട്രാൻസ്ജെൻഡർമാരും അഞ്ചുമണിയോടെ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് അഞ്ചുമണിവരെ 8,99,830 വോട്ടുകളാണ് രേഖപ്പെടുത്തിയത് (62.90 ശതമാനം). ഇവരിൽ 4,42,872 പുരുഷന്മാരും 4,56,933 സ്ത്രീകളും 25 ട്രാൻസ്ജെൻഡർമാരുമായിരുന്നു.
നഗര, മലയോരമേഖലകളെ അപേക്ഷിച്ച് ജില്ലയിൽ വോട്ട് ആഘോഷമാക്കിയത് തീരദേശവാസികളായിരുന്നു. രാവിലെ മുതൽ ഓരോ ബൂത്തിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും നീണ്ട നിരയായിരുന്നു.
കഠിനംകുളം, മര്യനാട്, അഞ്ചുതെങ്ങ്, പള്ളിത്തുറ, തുമ്പ, പുത്തൻതോപ്പ്, വലിയതുറ, വേളി, പെരുമാതുറ, വള്ളക്കടവ്, പൂന്തുറ മേഖകളിലെല്ലാം ആറുമണിക്കുശേഷവും വോട്ട് രേഖപ്പെടുത്താൻ സ്ത്രീകളുടെ വൻനിരയായിരുന്നു. വീടുകളിലെ കിടപ്പുരോഗികളെ ഓട്ടോയിലും കാറിലുമെത്തിച്ച് വോട്ടുറപ്പിക്കാൻ പ്രവർത്തകർ മത്സരിച്ചു. കനത്ത ചൂടിനെ തുടർന്ന് വോട്ടിടാൻ മടിച്ചുനിന്നവരെയും വീട്ടുകളിൽ എത്തി പ്രവർത്തകർ നിർബന്ധിച്ച് ബൂത്തുകളിലെത്തിച്ചു.
വോട്ടിങ് അവസാനിക്കാൻ മിനിട്ടുകൾ ബാക്കിനിൽക്കെ അഞ്ചുതെങ്ങ് ബി.ബി.എൽ.പി.എസിൽ വരിതെറ്റിച്ച് സ്ത്രീകൾ വോട്ടിടാൻ ശ്രമിച്ചത് പൊലീസും വോട്ടർമാരും തമ്മിൽ വാക്കുതർക്കത്തിനിടയാക്കി.
പലയിടങ്ങളിലും വോട്ടിങ് മന്ദഗതിയിലായത് വോട്ടർമാരെ ക്ഷുഭിതരാക്കി. വൈകീട്ട് ആറുമണിക്കുശേഷവും ഭൂരിഭാഗം ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര കാണാമായിരുന്നു. വോട്ട് രേഖപ്പെടുത്തൽ രാത്രിയാകുമെന്ന് കണ്ടതോടെ തീരദേശത്ത് പല ബൂത്തുകളിലും സ്ത്രീകളും പ്രായമായവരും വോട്ട് ചെയ്യാതെ മടങ്ങി. ആറുമണിവരെ ക്യൂവിൽ നിന്നവർക്ക് ടോക്കൺ നൽകി. ആറുമണി കഴിഞ്ഞുവന്നവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല.
ശാരീരിക അവശതകൾ ഉള്ളവർക്കും ഗർഭിണികൾക്കും വോട്ടിടാന് ഇളവ് അനുവദിച്ചിരുന്നു. പുത്തൻതോപ്പ് ഗവ. എൽ.പി സ്കൂളിലെ 189ാം നമ്പർ ബൂത്തിൽ വോട്ടുയന്ത്രം പാതിവഴിയിൽ പണിമുടക്കിയത് വോട്ടർമാരെ വലച്ചു.
രണ്ടുതവണ യന്ത്രം മാറ്റിവെച്ചെങ്കിലും നടപടികൾ ക്രമീകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാതായതോടെ പലരും മടങ്ങിപ്പോയി. തുടർന്ന് ഒരുമണിക്കൂറിനുശേഷം മൂന്നാമത് വോട്ടുയന്ത്രമെത്തിച്ചാണ് പോളിങ് പുനരാരംഭിച്ചത്.
കഴക്കൂട്ടം 65.12
വട്ടിയൂർക്കാവ് 62.87
തിരുവനന്തപുരം 59.70
നേമം 66.05
പാറശ്ശാല 70.60
കോവളം 69.81
നെയ്യാറ്റിൻകര 70.72
വർക്കല 68.42
ആറ്റിങ്ങൽ 69.88
ചിറയിൻകീഴ് 68.10
നെടുമങ്ങാട് 70.35
വാമനപുരം 69.11
അരുവിക്കര 70.31
കാട്ടാക്കട 69.53
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.