പൊന്നാനി: ആദ്യഘട്ട നിർമാണത്തിന് 5.30 കോടി രൂപ ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ച പൊന്നാനി മറൈൻ മ്യൂസിയ നിർമാണ പദ്ധതി പൂർണ രൂപത്തിൽ നടപ്പാക്കണമെങ്കിൽ ഇനിയും 18 കോടിയോളം രൂപ ആവശ്യമാണ്. സിംഗപ്പൂരിലെ യൂനിവേഴ്സൽ സ്റ്റുഡിയോയുടെ മാതൃകയിൽ ടൂറിസം വകുപ്പിന് കീഴിൽ നിർമിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട നിർമാണം പോലും പൂർത്തിയായിട്ടില്ല. 2016ൽ നിർമാണം ആരംഭിച്ച പദ്ധതിയാണ് ഒരേ കോമ്പൗണ്ടിൽ നിള കലാഗ്രാമത്തിനൊപ്പം കിതച്ചു നിൽക്കുന്നത്. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 5.30 കോടി രൂപയാണ് ചെലവ്. 4.30 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ എം.പി ഫണ്ടിൽനിന്നും നൽകിയെങ്കിലും ഒരുങ്ങിയത് കെട്ടിടം മാത്രമായിരുന്നു.
പൊന്നാനിയിലെ നിർമാണം പുരോഗമിക്കുന്ന കലാഗ്രാമത്തോട് ചേർന്ന് ഭാരതപ്പുഴയോരത്താണ് നിർദിഷ്ട മ്യൂസിയം നിർമിക്കുന്നത്. എന്നാൽ പല ഘട്ടങ്ങളിലായി പ്ലാനിൽ വരുത്തിയ മാറ്റങ്ങളാലാണ് പദ്ധതി സമയത്തിന് നടത്താൻ കഴിയാതെ പോയത്. രണ്ടാം ഘട്ടത്തിന്റെയും മൂന്നാം ഘട്ടത്തിന്റെയും വിശദപ്രൊജക്ട് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇത്രയും വലിയ തുക ചെലവഴിക്കാൻ കഴിയാത്തതിനാൽ പദ്ധതി പാതിവഴിയിൽ നിലച്ചു. ഡി.പി.ആർ പ്രകാരം ത്രീഡി ദൃശ്യചാരുതയോടെ തത്സമയ അക്വേറിയമാണ് മറൈൻ മ്യൂസിയത്തിലെ പ്രധാന ആകർഷണം. ത്രീഡി സെൻസോടു കൂടിയ രാജ്യത്തെ ആദ്യ മൂസിയമായിരിക്കുമിത്. ഇപ്പോൾ പദ്ധതിക്കായി നിർമിച്ച കെട്ടിടത്തെ ഫിഷറീസ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രമാക്കി മാറ്റാൻ ആലോചനയുണ്ട്. അന്തർദേശീയ മാതൃകയിൽ മറൈൻ മ്യൂസിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഏഴ് വർഷത്തിലേറെയായെങ്കിലും തുടർച്ചയായ സാങ്കേതിക കാരണങ്ങളാൽ അനിശ്ചിതമായി നീളുകയായിരുന്നു.
കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മുക്കാൽ ഭാഗവും പൂർത്തിയായിട്ടുണ്ട്. കരാർ തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുള്ളതിനാൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. അനിശ്ചിതമായി നീളുന്ന സാഹര്യത്തിലാണ് പദ്ധതി ഏറ്റെടുക്കാൻ ഫിഷറീസ് സർവകലാശാല സമീപിച്ചത്.
എന്നാൽ ഇതിനും ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാവില്ലെന്നാണ് അറിയുന്നത്. പൊന്നാനിയുടെ ടൂറിസം ഹബ്ബായി മാറുമെന്ന് പ്രഖ്യാപിച്ച് ഭാരതപ്പുഴയോരത്തെ ഒരേ കോമ്പൗണ്ടിൽ ആരംഭിച്ച രണ്ട് പദ്ധതികളാണ് ഉദ്യോഗസ്ഥ-ഭരണ അനാസ്ഥയും, ഫണ്ടിന്റെ ലഭ്യതക്കുറവും മൂലം കൊല്ലം ഏഴ് പിന്നിട്ടിട്ടും എങ്ങുമെത്താതായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.