പൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് അപലപനീയമെന്ന് എസ്.ഡി.പി.ഐ

കോട്ടയം: പൂഞ്ഞാര്‍ ഫെറോന പള്ളി മൈതാനിയില്‍ വിദ്യാര്‍ഥികള്‍ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് അപലപനീയമാണെന്ന് എസ്.ഡി.പി.ഐ. പൂഞ്ഞാര്‍ സംഭവത്തെ മറയാക്കി സംസ്ഥാനത്തുടനീളം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ചില തല്‍പ്പര കക്ഷികള്‍ നടത്തിയ നുണപ്രചാരണത്തെ മുഖ്യമന്ത്രി ഏറ്റുപിടിക്കുന്നത് ഖേദകരമാണ്.

വിവിധ സാമൂഹിക വിഭാഗങ്ങളില്‍ പകയും വെറുപ്പും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നതിന് ആർ.എസ്.എസ് നിയന്ത്രിത തീവ്ര ക്രൈസ്തവ ഗ്രൂപ്പായ കാസയുള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമത്തെ പ്രബുദ്ധ കേരളം തിരിച്ചറിയുകയും ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെയ്തതാണ്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോ ഷൂട്ടിനിടെ ഒരു പുരോഹിതന് നിസാര പരിക്കേറ്റ സംഭവത്തെ വടക്കേ ഇന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിനുള്ള വിഷയമാക്കി മാറ്റുകയായിരുന്നു ചില സങ്കുചിത വര്‍ഗീയ വാദികള്‍.

സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ട പൊലീസ് പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരേ കൊലക്കുറ്റമുള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി ഒരാഴ്ചയോളം ജയിലിടുകയായിരുന്നു. ന്യൂനപക്ഷ കേന്ദ്രീകൃതമായ ഈരാറ്റുപേട്ടയെ പ്രേതഭൂമിയാക്കി മാറ്റാനുള്ള ആര്‍എസ്എസ് അജണ്ടകള്‍ക്ക് ശക്തി പകരുകയായിരുന്നു പൊലിസും രാഷ്ട്രീയ നേതാക്കളും. സംഭവത്തെ വര്‍ഗീയ വല്‍ക്കരിക്കുകന്നതിനെതിരേ ജനകീയ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുകയും കുട്ടികള്‍ക്കെതിരായി ചുമത്തിയ ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടെ പിന്‍വലിക്കാന്‍ തീരുമാനമായതിനെത്തുടര്‍ന്ന് ജാമ്യം ലഭിക്കുകയും വിഷയം കെട്ടടങ്ങുകയുമായിരുന്നു.

ഈരാറ്റുപേട്ടക്കെതിരേ വിഷലിപ്തമായ ആർ.എസ്.എസ് പ്രചാരണങ്ങളെ മതേതര മുഖംമൂടിയണിഞ്ഞവര്‍ ഏറ്റുവിളിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല. ഈരാറ്റുപേട്ടയിലെ ജനങ്ങളെ ഭീകരരാക്കി ചിത്രീകരിച്ച് ജില്ലാ പൊലീസ് മേധാവി തയാറാക്കിയ റിപ്പോര്‍ട്ട് തിരുത്തിയതായി മന്ത്രി തന്നെ വ്യക്തമാക്കി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ഒരു സമൂഹത്തെ മുഴുവന്‍ അവഹേളിച്ച് നുണക്കഥകളുമായി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സാമുദായിക ധ്രുവീകരണ രാഷ്ട്രീയം സി.പി.എമ്മിന്റെ പതിവു രീതിയാണ്. അമീര്‍-ഹസന്‍-കുഞ്ഞാപ്പ കേരളം ഭരിക്കുമെന്ന പ്രസ്താവന തിരഞ്ഞെടുപ്പു വേളയില്‍ മുമ്പു നടത്തിയ പ്രസ്താവന സമാനമാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ഐക്യം തകര്‍ക്കുകയെന്ന ലക്ഷ്യം സി.പി.എമ്മിന് എക്കാലത്തുമുണ്ട്. വിലകുറഞ്ഞ നിലപാടിലൂടെ സാമുദായിക സൗഹാര്‍ദ്ദം തകരുകയും സമൂഹങ്ങള്‍ പരസ്പരം സംശയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം രൂപം കൊള്ളുകയും ചെയ്യും.

സമൂഹത്തിലെന്തു നടന്നാലും വോട്ട് ബാങ്കാണ് പ്രധാനമെന്ന മുഖ്യമന്ത്രിയുടെ ഈ നിലപാട് ശരിയല്ല. ഇറാഖ്-അമേരിക്ക യുദ്ധ പശ്ചാത്തലത്തില്‍ സാമുദായിക സ്വാധീനം നോക്കി ബുഷിനെയും സദ്ദാമിനെയും മാറി മാറി പിന്തുണച്ച സി.പി.എം നിലപാട് കേരളം മറന്നിട്ടില്ല. നര്‍ക്കോട്ടിക് ജിഹാദ് ഉള്‍പ്പെടെ അത്യന്തരം ഗുരുതരവും വംശീയവുമായ പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരേ മൗനസമ്മതം മൂളിയ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ധാര്‍മികതയുണ്ടെങ്കില്‍ തിരുത്താന്‍ തയാറാവണമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം, ജില്ലാ പ്രസിഡന്റ് സി.ഐ മുഹമ്മദ് സിയാദ്, ജില്ലാ വൈസ് പ്രസിഡന്റ് യു. നവാസ് എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Poonjar issue: SDPI condemns CM playing vote bank politics through communal polarization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.