പോപുലർ ഫ്രണ്ട് ബന്ധം: പൊലീസുകാരന് സസ്‍പെൻഷൻ

കൊച്ചി: പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരനെ സസ്‍പെൻഡ് ചെയ്തു. എറണാകുളം ജില്ലയിലെ കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സിയാദിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് നടപടി.

പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആർ.ടിസി ബസ് ആക്രമിച്ച കേസിൽ സിയാദിന്റെ ബന്ധുവായ യുവാവടക്കം മൂന്നുപേരെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സിയാദ് സന്ദർശിക്കുകയും ഭക്ഷണം എത്തിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ജാമ്യം ലഭിക്കുന്നതിന് വേണ്ടി ഇടപെട്ടതായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പുറത്തിറക്കിയ സസ്‍പെൻഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കാലടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവെ മേലധികാരിയുടെ സമ്മതമോ അറിവോ ഇല്ലാ​തെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ സന്ദർശകയും കസ്റ്റഡിയിലുള്ള പ്രതികളെ കാണാൻ ശ്രമിയ്ക്കുകയും അന്വേഷണത്തിൽ അനധികൃതമായി ഇടപെടാൻ ശ്രമിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ നമ്പറുകൾ ഫോണിൽ സേവ് ചെയ്തിട്ടുള്ളതായും പലപ്പോഴും അവരുമായി ബന്ധംപുലർത്തിയിരുന്നതായും കണ്ടെത്തി. ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ശിക്ഷാ നടപടി കുറിപ്പ് സമർപ്പിക്കാനും പുത്തൻകുരിശ് ഡി.​വൈ.എസ്.പിയെ ചുമതലപ്പെടുത്തി. 

Tags:    
News Summary - Popular Front connection: Policeman suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.