കൊച്ചി: പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സെപ്റ്റംബർ 23ലെ ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്‍റെ തുക ഈടാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി.
ഹർത്താലുമായി ബന്ധപ്പെട്ട് എടുത്ത ഓരോ കേസിലും കണക്കാക്കിയ നഷ്ടത്തിന്റെ ആകെ തുക, ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റ് എത്ര, എത്രപേരുടെ ജാമ്യാപേക്ഷ കോടതിയിലുണ്ട് തുടങ്ങിയ വിവരങ്ങളാണ് അറിയിക്കേണ്ടത്. നാശനഷ്ടത്തിന്റെ തോത് നിശ്ചയിക്കാൻ ഹൈകോടതി നിശ്ചയിച്ച ക്ലെയിംസ് കമീഷണർക്ക് അടിസ്ഥാന സൗകര്യം ഒരുക്കി നൽകണമെന്ന നിർദേശത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
ഹർത്താലിൽ സർക്കാറിനും കെ.എസ്.ആർ.ടി.സിക്കുമുണ്ടായ നഷ്ടത്തിന് പരിഹാരമായി പോപുലർ ഫ്രണ്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറും 5.20 കോടി രൂപ ആഭ്യന്തര വകുപ്പിൽ കെട്ടിവെക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
തുക കെട്ടിവെച്ചില്ലെങ്കിൽ സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികളുടെ സ്വത്തിൽനിന്ന് റിക്കവറി നടപടിയെടുക്കണമെന്നും നഷ്ടപരിഹാര ക്ലെയിം തീർപ്പാക്കുമ്പോൾ വരുന്ന അധിക ബാധ്യത ഇവർ വഹിക്കണമെന്നും നിർദേശിച്ചിരുന്നു. ഹരജി വീണ്ടും പരിഗണിക്കുന്ന നവംബർ എട്ടിനകം സത്യവാങ്മൂലം നൽകാനാന് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.