സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട്​ ഹർത്താൽ

കോഴിക്കോട്​: നേതാക്കളെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച്​ വെള്ളിയാഴ്​ച കേരളത്തിൽ ​േപാപുലർ ഫ്രണ്ട്​ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്​ ഹർത്താലെന്ന് ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്സി. അംഗം പ്രഫ. പി. കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ചാണ്​ ഹർത്താലെന്ന്​ ഭാരവാഹികൾ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഒാഫീസുകളിലും എൻ.ഐ.എ, ഇ.ഡി സംഘം പരിശോധന തുടങ്ങിയത്. നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 

പോപുലർഫ്രണ്ട് ഓഫിസുകളിൽ രാജ്യവ്യാപക റെയ്ഡ്; 100ലേറെ നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി​/ കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി റെയ്ഡ്. ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, മുൻ ചെയർമാൻ ഇ. അബൂബക്കർ, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ തുടങ്ങിയവർ‍ ഉൾപ്പെടെ നൂറിലധികം നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതലാണ് 10 സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നത്. കേരളം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രസേനയുടെ അകമ്പടിയോടെ എത്തിയ സംഘമാണ് പരിശോധന നടത്തിയത്.

പി.എഫ്.ഐയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസുകളും പരിശോധിച്ചു. കഴിഞ്ഞ ദിവസം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 38 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ നാല് പിഎഫ്ഐ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.

കേരളത്തിൽ കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുവനന്തപുരം, കണ്ണൂർ, പത്തനംതിട്ട, കാസർകോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധ ഓഫസുകളില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും എന്‍.ഐ.എ പിടിച്ചെടുത്തു. ഇവ പരിശോധനയ്ക്ക് കൊണ്ടുപോയി.

സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ (കരുനാഗപള്ളി), ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, ചെയർമാൻ ഒ.എം.എ സലാം (മഞ്ചേരി), മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്റഫ് മൗലവി, മുൻ ചെയർമാൻ ഇ. അബൂബക്കർ (കരുവൻപൊയിൽ), പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ്‌ ബഷീർ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു.

തമിഴ്‌നാട്ടില്‍ ചെന്നൈയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും കോയമ്പത്തൂര്‍, കടലൂര്‍, തെങ്കാശി, തേനി തുടങ്ങിയ ഇടങ്ങളിലെ ഓഫീസുകളിലും പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ്. റെയ്ഡിനെതിരെ പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

റെയ്ഡ് ഭരണകൂട ഭീകരതയാണെന്ന് ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പറഞ്ഞു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    
News Summary - Popular Front hartal tomorrow in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.