കൊച്ചി: കുടുംബ കോടതി കേസുമായി ബന്ധപ്പെട്ട് പുരുഷന്മാരെ പോക്സോ കേസിൽ കുടുക്കുന്ന പ്രവണത വർധിച്ചതായും ഇക്കാര്യത്തിൽ കുടുംബ കോടതികൾ ജാഗ്രത പാലിക്കണമെന്നും ഹൈകോ ടതി. കുട്ടിയുടെ സംരക്ഷണം വിട്ടുകിട്ടാൻ കുടുംബ കോടതിയെ സമീപിക്കുന്ന പല പിതാക്കന്മ ാരും പോക്സോ (കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം) കേസിൽ കുടുങ്ങുന്ന അവസ്ഥക്ക് പിന്നിലെ യാഥാർഥ്യം കണ്ടെത്താനുള്ള ആത്മാർഥ ശ്രമങ്ങൾ കുടുംബ കോടതിയിൽനിന്ന് ഉണ്ടാകണമെന്നും ജസ്റ്റിസ് കെ. ഹരിലാൽ, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മലപ്പുറം ജില്ലയിൽ അഞ്ചുവയസ്സുകാരിയെ പിതാവിന് വിട്ടുനൽകാനുള്ള കുടുംബ കോടതി വിധിക്കെതിരെ അമ്മയുടെ മാതാപിതാക്കൾ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പോക്സോ നിയമപ്രകാരം കേസെടുത്തതുകൊണ്ടുമാത്രം പിതാവിനെതിരായ ആരോപണം ശരിയാവണമെന്നില്ലെന്ന് കോടതി വ്യക്തമാക്കി. പിതാവ് പീഡിപ്പിച്ചെന്ന പരാതി അപൂർവം കേസുകളിൽ ശരിയാവാറുണ്ടെങ്കിലും ഭൂരിപക്ഷം കേസിലും ആരോപണം കളവാണെന്ന് തെളിയുന്നുണ്ട്. കേസിന് പിന്നിലെ യാഥാർഥ്യം കണ്ടെത്താനുള്ള ശ്രമങ്ങളാണ് കോടതിയിൽനിന്ന് ഉണ്ടാകേണ്ടത്. കെട്ടിച്ചമച്ച കേസാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കുന്നതിൽ കുടുംബ കോടതി ജാഗ്രത കാട്ടിയില്ലെങ്കിൽ നിരപരാധിയായ പിതാവ് പോക്സോ കേസിന് ഇരയാകും.
കുട്ടിയുടെ നിയമപരമായ സംരക്ഷണം വിട്ടുകിട്ടാനുള്ള അവകാശത്തെ എതിർത്തുതോൽപിക്കാനുള്ള ചതിയുടെ ഭാഗമാണോ പോക്സോ കേസെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം കുടുംബ കോടതിക്കുണ്ട്.
അമ്മ മരിച്ച കുട്ടിയുടെ സംരക്ഷണം വിട്ടുകിട്ടാൻ പിതാവ് നൽകിയ ഹരജി നേരേത്ത കുടുംബ കോടതി അനുവദിച്ചിരുന്നു. ഇതിനെതിരെ അമ്മയുടെ മാതാപിതാക്കൾ നൽകിയ അപ്പീലിൽ കുട്ടിയുടെ പിതാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
എന്നാൽ, കുട്ടിയുടെ അമ്മയുടെ മരണത്തെത്തുടർന്ന് പിതാവിനെതിരെ എടുത്ത കേസ് പൊലീസ് എഴുതിത്തള്ളിയതാണെന്നും അമ്മവീട്ടുകാർ നൽകിയ പരാതിയിൽ തുടരന്വേഷണം നടക്കുന്നുണ്ടെങ്കിലും കുട്ടിയുടെ സംരക്ഷണം പിതാവിന് വിട്ടുകൊടുക്കാതിരിക്കാൻ ഇത് കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകൾ നിരാകരിച്ച് സ്വതന്ത്രമായി കോടതി അന്വേഷിക്കണമെന്ന് പറയുന്നില്ല. എങ്കിലും ആരോപണങ്ങൾക്ക് മതിയായ തെളിവില്ലെങ്കിൽ കുട്ടിയുടെ സംരക്ഷണാവകാശം പിതാവിന് നിഷേധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.