അമ്പലത്തറ: കോഴിത്തീറ്റ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കോഴിത്തീറ്റ നിര്‍മാണത്തിന് ആവശ്യമായ സോയയും സൂര്യകാന്തിയില്നിന്നുള്ള ഡീ ഓയില്‍ഡ് കേക്കും (എണ്ണ എടുത്തതിന് ശേഷമുള്ളത്) യുക്രെയ്നില്‍നിന്നാണ് രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നത്. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ശക്തമായതോടെ ഇവയുടെ ഇറക്കുമതി നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
നിലവിൽ കോഴിത്തീറ്റ കമ്പനികള്‍ ഉല്പാദനം കുറച്ചിരിക്കുകയാണ്. കമ്പനികളിലെ സ്റ്റോക്കുള്ള കോഴിത്തീറ്റയുടെ വിലയും വലിയതോതിൽ വർധിപ്പിച്ചു. ഇതോടെ പലയിടത്തും കര്‍ഷകര്‍ കോഴികൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. ഇത് കോഴിവില വലിയതോതിൽ ഉയരാൻ കാരണമാവും.
സോയ, ചോളം, ജോവര്‍, ബജ്രു, ഗോതമ്പ്, ഡീ ഓയിൽഡ് കേക്ക്, എണ്ണ, അമിനോ ആസിഡുകള്‍ എന്നിവ ചേര്‍ത്താണ് കോഴിത്തീറ്റ ഉണ്ടാക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഡീ ഓയില്‍ഡ് കേക്ക്, സോയ എന്നിവ യുക്രെയ്ന് പുറമെ ബ്രസീലിൽനിന്നും തൂത്തുക്കുടി, വിശാഖപട്ടണം തുറമുഖങ്ങള്‍ വഴിയാണ് വന്നിരുന്നത്. യുക്രെയ്ൻ പ്രതിസന്ധി നീണ്ടാൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോഴിയുടെ ഭാരം കൂട്ടാനുള്ള പ്രോട്ടീന്‍ കൂടുതലും ലഭിക്കുന്നത് ചോളത്തില്നിന്നാണ്. രാജ്യത്ത് പലയിടത്തും ചോളകര്ഷകര് നെല്‍കൃഷിയിലേക്ക് തിരിഞ്ഞതും ചൈനയില്‍നിന്നുള്ള അമിനോ ആസിഡിന്റെ വരവും കുറഞ്ഞത് തീറ്റനിര്മാണത്തിന് തിരിച്ചടിയായി. മുമ്പ് 1550 രൂപവരെ ചാക്കിന് വിലയുണ്ടായിരുന്ന കോഴിത്തീറ്റ 2600 ന് മുകളിലേക്കെത്തി. നിലവിലെ പ്രതിസന്ധി മുതലെടുത്ത് കോഴിയിറച്ചി ഉൽപന്നങ്ങളുടെ വിൽപന ഇന്ത്യന്‍ വിപണിയില്‍ ആരംഭിക്കാൻ അമേരിക്കന്‍ കമ്പനികള്‍ ഒരുങ്ങുന്നുവെന്നാണ് സൂചനകൾ.
അമേരിക്കയില്‍ കോഴിയുടെ നെഞ്ചുഭാഗമാണ് പ്രിയം. അതിനാല്‍ അമേരിക്കന്‍ കമ്പനികള്‍ ഈഭാഗം എടുത്തശേഷം ശേഷിക്കുന്നത് ചൈന, റഷ്യ, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് പായ്ക്കറ്റുകളിലാക്കി അയക്കുകയാണ് പതിവ്. ഇന്ത്യന്‍ വിപണിയില്‍ കോഴിക്കാലിന് പ്രിയമേറെയാണെന്ന് കണ്ടതോടെയാണ് ഇവിടെ സാന്നിധ്യത്തിനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്നത്.
നിലവില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നുന്നതിന് നിരോധനമുണ്ട്. അത് മറികടക്കാനുള്ള ഉന്നതതല നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.