ദരിദ്രർ കുറഞ്ഞ കേരളം: നേട്ടത്തിനുപിന്നിൽ സർക്കാറിന്‍റെ ചിട്ടയായ പ്രവർത്തനം -മുഖ്യമ​ന്ത്രി

തിരുവനന്തപുരം: മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളാണ്​ കേരളത്തിൽ ദാരിദ്ര്യം കുറക്കാൻ സഹായിച്ചതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നിതി ആയോഗിന്‍റെ റിപ്പോര്‍ട്ടിനെ കുറിച്ച്​ ഫേസ്​ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ മാനദണ്ഡമാക്കി സംസ്ഥാനങ്ങളിലെ ദാരിദ്ര്യം വിലയിരുത്തുന്ന 2015 -16 വർഷത്തിലെ പഠനം അടിസ്​ഥാനമാക്കിയാണ്​ നിതി ആയോഗ് ബഹുതല ദാരിദ്ര്യ സൂചിക (മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സില്‍-എം.പി.ഐ) തയ്യാറാക്കിയത്​. ഇതിലാണ് കേരളത്തിന്‍റെ നേട്ടം രേഖപ്പെടുത്തിയത്​. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്. ബിഹാർ, ജാർഖണ്ഡ്​, യു.പി തുടങ്ങിയ സംസ്​ഥാനങ്ങളിലാണ്​ ദരിദ്രര്‍ കൂടുതല്‍. 

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിൻ്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, 2015- ജനുവരി 20മുതൽ 2016 ഡിസംബർ നാലുവരെയുള്ള  കാലയളവിൽ നടത്തിയ കുടുംബാരോഗ്യ സര്‍വേ​​ അടിസ്ഥാനമാക്കിയുള്ളതാണ് നിതി ആയോഗിന്‍റെ റിപ്പോർട്ട്​. ഇക്കാലയളവിൽ 16 മാസം ഉമ്മൻചാണ്ടിയും ബാക്കിയുള്ള ആറുമാസം പിണറായിയുമായിരുന്നു മുഖ്യമന്ത്രി. 


മുഖ്യമന്ത്രിയുടെ ഫേസ്​ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിൻ്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്.

അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാടിൽ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ഏവരും ഒരുമിച്ചു നിൽക്കണം. അഭിമാനപൂർവം ആത്‌മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാം.

Tags:    
News Summary - poverty eradication: the systematic functioning of government behind the gains - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.