കോഴിക്കോട്: ഊർജ പ്രതിസന്ധിക്ക് പരിഹാരമായി കേരളത്തിലെ മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതി പദ്ധതികൾ വേഗത്തിൽ കമീഷൻ ചെയ്യണമെന്ന ആവശ്യം ഉയരുന്നു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ എത്തിനിൽക്കെ വൈദ്യുതി കൂടുതൽ ഉൽപാദിപ്പിക്കാൻ പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ അന്വേഷിക്കുകയാണ് ബോർഡ്.
24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താൻ കെട്ട് ജലവൈദ്യുതി പദ്ധതി 90 ശതമാനം പൂർത്തിയായി രണ്ടു വർഷം പിന്നിട്ടിട്ടും ഇതുവരെ കമീഷൻ ചെയ്തിട്ടില്ല.
ഏകദേശം 185 കോടി രൂപ മുടക്കിയ പദ്ധതിയാണിതെന്ന് കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. സുനിൽ പറഞ്ഞു. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ, 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുതി പദ്ധതികളുടെ അവസ്ഥയും വ്യത്യസ്തമല്ല.
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി വേഗംതന്നെ കമീഷൻ ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു. ഇടുക്കിയിലെ തന്നെ സെങ്കുളം ഓഗ്മെന്റേഷൻ പദ്ധതി 76 ശതമാനം പൂർത്തിയാക്കിക്കഴിഞ്ഞു. കോഴിക്കോട് അഞ്ച് മെഗാവാട്ട് ഉൽപാദിപ്പിക്കാവുന്ന ഒലിക്കൽ ജലവൈദ്യുതി പദ്ധതിയുടെ 22 ശതമാനം പണി മാത്രമാണ് പൂർത്തിയായത്.
മൂന്ന് മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പൂവാരംതോട് പദ്ധതിയുടെ ഡ്രോയിങ് ജോലികൾ മാത്രമാണ് ഇതുവരെ ചെയ്യാൻ കഴിഞ്ഞത്. കണ്ണൂരിലെ പഴശ്ശി ഇറിഗേഷൻ പദ്ധതിയുടെ അണക്കെട്ടിൽ ശേഖരിച്ചുനിർത്തുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉദ്ദേശിക്കുന്ന പഴശ്ശി സാഗർ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. ഒന്നാംഘട്ടം പൂർത്തിയായ ഇടുക്കിയിലെ ചിന്നാർ പദ്ധതി 2025ൽ പൂർത്തിയാകുമെന്നാണ് പറയുന്നതെങ്കിലും രണ്ടാംഘട്ടത്തിലെ 7.5 ശതമാനം ജോലികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.