തിരുവനന്തപുരം: കണ്ണൂർ ജില്ല പഞ്ചായത്ത് മുൻപ്രസിഡന്‍റ് പി.പി. ദിവ്യക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത് സി.പി.എമ്മിനും സർക്കാറിനും തിരിച്ചടിയായി. എ.ഡി.എം നവീൻ ബാബുവിനെ അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടതിൽ ദിവ്യയുടെ പങ്ക് ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. അധിക്ഷേപ പ്രസംഗത്തിന്‍റെ വിഡിയോ ഉൾപ്പെടെ പുറത്തുവന്ന വിവരങ്ങളെല്ലാം ദിവ്യക്ക് എതിരുമാണ്. എന്നിട്ടും ദിവ്യയെ ചേർത്തുപിടിച്ച നടപടി ചോദ്യം ചെയ്യപ്പെടുമ്പോൾ പാർട്ടിക്കും സർക്കാറിനും മറുപടിയില്ല.
സർക്കാറും പാർട്ടിയും നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയതിനപ്പുറം ദിവ്യക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത്രയേറെ ജനരോഷം ഉയർന്ന സംഭവത്തിൽ അറസ്റ്റിലായതിനു ശേഷവും ദിവ്യ സി.പി.എം ജില്ല കമ്മിറ്റിയംഗമായി തുടരുകയാണ്. ദിവ്യക്കെതിരായ പാർട്ടി നടപടി തൃശൂരിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചക്ക് വന്നപ്പോൾ തൽക്കാലം ഒന്നും വേണ്ടെന്നായിരുന്നു തീരുമാനം.
നവീൻ ബാബുവിന്‍റെ മരണം സംഭവിച്ച് രണ്ടാഴ്ചയായിട്ടും ചോദ്യം ചെയ്യാൻ പോലും തയാറാകാതിരുന്ന പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് ദിവ്യക്ക് നേരെ നീങ്ങിയത്. പത്തനംതിട്ട ജില്ല കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടിട്ടുപോലും ദിവ്യയെ കൈവിടാൻ പാർട്ടി തയാറായില്ല. നവീൻ ബാബുവിനെതിരെ വ്യാജ പരാതി എഴുതിയുണ്ടാക്കി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കാൻ ശ്രമം നടന്നത് തിരുവനന്തപുരത്ത് എ.കെ.ജി സെന്‍റർ കേന്ദ്രീകരിച്ചാണ്.
അതുപാളിയപ്പോൾ, മുൻകൂർ ജാമ്യഹരജി നൽകാനുള്ള സമയവും സാവകാശവും നിയമസഹായവുമെല്ലാം കണ്ണൂരിലെ പാർട്ടി ഉറപ്പാക്കി. വിവാദ പ്രസംഗത്തിൽ ദിവ്യ പരാമർശിച്ച പെട്രോൾ പമ്പ് ഉൾപ്പെടെ വൻകിട നിക്ഷേപം ദിവ്യയുടെ മാത്രം താൽപര്യമല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഈ ഘട്ടത്തിനും ദിവ്യക്ക് പാർട്ടി ഒരുക്കുന്ന സംരക്ഷണം സംശയത്തിനു ബലം പകരുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.