വിശുദ്ധരാവിൽ പതിനായിരങ്ങൾ സംഗമിച്ചു​; ജനസാഗരമായി സ്വലാത്ത് നഗർ

വിശുദ്ധരാവിൽ പതിനായിരങ്ങൾ സംഗമിച്ചു​; ജനസാഗരമായി സ്വലാത്ത് നഗർ

മലപ്പുറം: റമദാന്‍ 27ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ മലപ്പുറം മേൽമുറി സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. വ്യാഴാഴ്ച പുലർച്ചെ മുതല്‍തന്നെ ചെറുസംഘങ്ങളായി എത്തിയ വിശ്വാസികള്‍ വൈകീട്ടോടെ വൻ പ്രവാഹമായി. മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികം കൂടിയായിരുന്നു ചടങ്ങ്. പ്രഭാതം മുതല്‍തന്നെ മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു. ഉച്ചക്ക് ഒന്നു മുതല്‍ നടന്ന അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്‌ലിസോടെ പരിപാടികള്‍ക്ക് തുടക്കമായി. വൈകീട്ടോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാൻഡ് മസ്ജിദും നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് ഒരു ലക്ഷം പേര്‍ സംബന്ധിച്ച മെഗാ ഇഫ്താര്‍ നടന്നു. മഗ്രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്‌റ് നമസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാൻഡ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു.

സ്വലാത്ത് നഗറില്‍ പ്രാര്‍ഥനസമ്മേളനത്തോടനുബന്ധിച്ച് നടന്ന പതിനായിരങ്ങള്‍ സംബന്ധിച്ച സമൂഹ ഇഫ്താര്‍

രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങളുടെ പ്രാരംഭപ്രാർഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉദ്‌ബോധനം നടന്നു. പ്രാര്‍ഥന സമ്മേളനത്തിനെത്തിയ വിശ്വാസികള്‍ക്ക് മഅ്ദിന്‍ മിംഹാറിന് കീഴില്‍ സൗജന്യ ചികിത്സസൗകര്യമൊരുക്കി. ഭിന്നശേഷി സുഹൃത്തുക്കളുടെ സൗകര്യത്തിനായി പ്രത്യേക ക്രമീകരണങ്ങളുമൊരുക്കിയിരുന്നു. സ്വലാത്ത്, തഹ്ലീല്‍, ഖുര്‍ആന്‍ പാരായണം, തൗബ, പ്രാർഥന എന്നിവയും നടന്നു.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, സമസ്ത സെക്രട്ടറി കെ.കെ. അഹ്‌മദ് കുട്ടി മുസ്‍ലിയാര്‍ കട്ടിപ്പാറ, കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, ത്വാഹ തങ്ങള്‍ സഖാഫി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, ചാലിയം എ.പി. അബ്ദുല്‍ കരീം ഹാജി എന്നിവര്‍ സംസാരിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മഅ്ദിന്‍ അക്കാദമി ലഹരിവിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം ജില്ല കലക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. കാമ്പയിനിന്റെ ഭാഗമായി മഅദിന്‍ ഡീ അഡിക്ഷന്‍ സെന്ററായ മഅദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് റീഹാബിലിറ്റേഷന്റെ (മിംഹാര്‍) നേതൃത്വത്തില്‍ ഒരു ലക്ഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി ബോധവത്കരണ ക്ലാസ്, പത്ത് ലക്ഷം കുടുംബങ്ങള്‍ക്ക് ലഹരി നിര്‍മാര്‍ജന മാര്‍ഗരേഖ കൈമാറല്‍, ലഹരിമുക്ത നാട് പദ്ധതി, ലഹരിക്കടിമപ്പെട്ടവര്‍ക്ക് സൗജന്യ ഹെല്‍പ് ലൈനും കൗണ്‍സലിങ്ങും, 1000 കിലോമീറ്റര്‍ ബോധവത്കരണ യാത്ര തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Tags:    
News Summary - Prayer Conference at swalath nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.