തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് തിരിച്ചടിയായി സഹകരണ സംഘം ഭേദഗതി ബിൽ രാഷ്ട്രപതി തള്ളി. മിൽമ ഭരണം പിടിച്ചെടുക്കുന്നതിന് കൊണ്ടുവന്ന ബില്ലാണ് രാഷ്ട്രപതി ദ്രൗപതി മുർമു തള്ളിയത്. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച ഏഴ് ബില്ലുകളിൽ തള്ളിയവ ഇതോടെ നാലായി.
ക്ഷീരകർഷക പ്രതിനിധികൾക്കല്ലാതെ ക്ഷീര സംഘം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അധികാരം നല്‍കുന്നതായിരുന്നു ബില്‍. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബില്‍ അധികാരം നല്‍കിയിരുന്നു. ഇതിലൂടെ മില്‍മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്‍ക്കാർ കണക്കുകൂട്ടല്‍. അഡ്മിനിസ്ട്രേറ്റർക്ക് വോട്ടവകാശം നൽകുന്നത് ജനാധിപത്യ തത്വത്തിനും ആശയത്തിനും വിരുദ്ധമാകുമെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. ബില്ലിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു.
നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ച ബില്ലുകളിൽ ലോകായുക്ത ബില്ലിൽ മാത്രമാണ് ഒപ്പിട്ടത്. ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും അനുമതി നൽകിയിരുന്നില്ല. സഹകരണ ഭേദഗതി ബില്‍ കൂടി തള്ളിയതോടെ ഇനി രണ്ട് ബില്ലുകളില്‍ കൂടിയാണ് രാഷ്ട്രപതിയുടെ തീരുമാനം വരാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.