കൊല്ലം: രാഷ്ട്രപതി ദ്രൗപദി മുർമു കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. രാവിലെ 9.35 നെത്തിയ രാഷ്ട്രപതിയെ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെയും സന്യാസിനിമാരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
അമൃതാനന്ദമയിയുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒപ്പമെത്തിയിരുന്നു. അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനം നടത്തി. അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയിരുന്ന മെക്‌സികോയിൽ നിന്നുള്ള എം.പിമാരുമായി അനൗപചാരിക കൂടിക്കാഴ്ചയും നടത്തി.
10.10ന് രാഷ്ട്രപതി മടങ്ങി. ജില്ല കലക്ടർ അഫ്‌സാന പർവീൺ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി, സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
കൊല്ലം: മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് മടങ്ങുംവഴി രാഷ്ട്രപതി ദ്രൗപദി മുർമു തന്നെ കാണാൻ കാത്തുനിന്ന ആലപ്പാട് സായിക്കാട് സ്കൂളിലെ വിദ്യാർഥികൾക്ക് മിഠായി വിതരണംചെയ്തു. കൈവീശി അഭിവാദ്യം ചെയ്യുന്ന കുട്ടികളുടെ ആവേശം കണ്ട രാഷ്ട്രപതി, കാർ നിർത്തി അവർക്കരികിലേക്കെത്തി.
എല്ലാവർക്കും കൈ കൊടുത്ത് കുശലാന്വേഷണം നടത്തിയ ശേഷം, കൈയിൽ കരുതിയിരുന്ന ചോക്ലേറ്റും നൽകി. മൂന്ന് മിനിറ്റോളം അവർക്കൊപ്പം ചെലവഴിച്ചശേഷമായിരുന്നു മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.