കൊണ്ടോട്ടി: തക്കാളിക്ക് പിറകെ ഇഞ്ചിയും ഉള്ളിയും സാധാരണക്കാരുടെ ജീവിത ബജറ്റ് തകിടംമറിക്കുന്നു. തക്കാളിയുടെ വില 100 രൂപ കവിഞ്ഞതിനൊപ്പം ഇഞ്ചിക്കും വെളുത്തുള്ളിക്കും ഒരു മാസമായി വില ഉയര്‍ന്നുനിൽക്കുകയാണ്. ഇതര സംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ച് വിപണിയിലെത്തുന്ന ഈയിനങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ കാര്യമായ ഇടപെടലുകളൊന്നും സര്‍ക്കാറില്‍നിന്നുണ്ടായിട്ടില്ല.
ഒരു കിലോഗ്രാം ഇഞ്ചിയുടെ വിലയിപ്പോള്‍ 220 രൂപയാണ്. നേരത്തേ 80 രൂപയായിരുന്ന വില ക്രമാതീതമായി ഉയരുകയായിരുന്നു. വെളുത്തുള്ളിയുടെ വില നിലവാരവും വ്യത്യസ്തമല്ല. ഒരു മാസം മുമ്പുവരെ കിലോഗ്രാമിന് 80 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 150 രൂപ നല്‍കണം. ചില്ലറവിപണിയില് ചെറിയ ഉള്ളിയുടെ വില വര്‍ധിച്ച് കിലോഗ്രാമിന് 85 രൂപയായി. 10 മുതല്‍ 15 വരെ രൂപ വിലയായിരുന്ന സവാളക്ക് ഇപ്പോള്‍ 22 രൂപയാണ്. തക്കാളി കിലോഗ്രാമിന് 112 രൂപ നിരക്കിലാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്. ഇവക്കെല്ലാം ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
കർണാടകയില്‍നിന്നാണ് ഇഞ്ചി പ്രധാനമായും ജില്ലയിലെ വിപണിയിലെത്തുന്നത്. ഉള്ളിയിനങ്ങള്ക്ക് മഹാരാഷ്ട്രയിലെ നാസികിനേയും തക്കാളിക്ക് മൈസൂരു, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളേയുമാണ് മൊത്തവ്യാപാരികള്‍ ആശ്രയിക്കുന്നത്. മഴയില്‍ കൃഷി നാശം വ്യാപകമായതാണ് വിലക്കയറ്റത്തിനും ക്ഷാമത്തിനും വഴിവെക്കുന്നതെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. ഇത് മുതലെടുത്ത് അമിതലാഭം കൊയ്യുന്ന ഇടത്തട്ടുകാരുടെ ഇടപെടലും ചെറുതല്ല.
സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം വലിയ പ്രതിസന്ധിയായിട്ടും പ്രശ്നത്തിന് പരിഹാരം കാണാന്‍ അനിവാര്യമായ ഇടപെടല്‍ വൈകുകയാണ്.ഇടത്തട്ടുകാരുടെ ചൂഷണത്തിനറുതി വരുത്തി പച്ചക്കറികളുടെ ലഭ്യത വിപണിയില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികൾ കാര്യക്ഷമമായി രംഗത്തെത്തിയിട്ടില്ല.
ഈ നില തുടരുമ്പോള്‍ വിലക്കയറ്റം കൂടുതല്‍ വെല്ലുവിളി തീര്‍ക്കുമെന്നും പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണ് നിലവിലേതെന്നും ചില്ലറ വിപണിയിലെ വ്യാപാരികള്‍ പറയുന്നു. വിലയില്‍ സ്ഥിരതയില്ലാതിരിക്കുമ്പോള് കൂടുതല്‍ ഇനങ്ങള്‍ വില്പനക്കെത്തിക്കാനും വ്യാപാരികള്‍ മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.