പ്രധാനമന്ത്രിയുടെ കാലടി സന്ദർശനം കേരളത്തിന്റെ സാസ്കാരിക തനിമ വീണ്ടെടുക്കാൻ കരുത്ത് പകരും -കെ.സുരേന്ദ്രൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി അദ്വൈത വേദാന്തം ലോകത്തിന് പകർന്നു നൽകിയ ആദിശങ്കരന്റെ ജന്മനാടായ കാലടിയിൽ വരുന്നത് കേരളത്തിന്റെ സാസ്കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്ത് പകരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യഥാർത്ഥ കേരളത്തെ വീണ്ടെടുക്കാനുള്ള കാമ്പയിൻ ബി.ജെ.പി ആരംഭിച്ചിരിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി എത്തുന്നതെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികൾ. ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ നവോത്ഥാന നായകൻമാരെ കമ്മ്യൂണിസ്റ്റുകാർ വികലമാക്കിയിരിക്കുകയാണ്. ഇത് തുറന്ന് കാണിക്കാൻ ബി.ജെ.പി തയ്യാറാകും. തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കുന്നത് ഇതിന് വേണ്ടിയാണ്. മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണ് സർക്കാർ തിരൂരിൽ പ്രതിമ സ്ഥാപിക്കാൻ തയ്യാറാവാത്തത്. പ്രതിമ അനിസ്ലാമികമാണെന്ന മതമൗലികവാദികളുടെ നിലപാടിന് ചൂട്ടുപിടിക്കുകയാണ് പിണറായി വിജയൻ സർക്കാർ. നവോത്ഥാന സമിതി പഞ്ചായത്ത് തലത്തിൽ വ്യാപിപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി മലയാളഭാഷയുടെ പിതാവിന് ഒരു പ്രതിമ സ്ഥാപിക്കാൻ തയ്യാറാകണമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തെ പോലെ തന്നെ വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിലും കമ്യൂണിസ്റ്റുകാർക്ക് ഒരു പങ്കുമില്ല. അതിനെ കുറിച്ച് ചർച്ച ചെയ്യാൻ ബി.ജെ.പി ഒരുക്കമാണ്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ സംസ്ഥാനത്തെ ഒരു മന്ത്രി പോലും പങ്കെടുക്കാത്തത് ഓണത്തോടുള്ള ഇടതുപക്ഷത്തിന്റെ നിഷേധ നിലപാടാണ് തെളിയിക്കുന്നത്. ഓണത്തിന് മലയാളികൾ പൂക്കളം ഇട്ട് ആരാധിക്കുന്ന തൃക്കാക്കരയപ്പന്റെ ക്ഷേത്രത്തോടും സർക്കാരിന് അവഗണനയാണ്. ഇത് പ്രതിഷേധാർഹമാണ്.

സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൂർണ പരാജയമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കേരള മോഡലിന്റെ പരാജയമാണ് കുറച്ച് ദിവസങ്ങളിലായി കൊച്ചിയിൽ കാണുന്നത്. സംസ്ഥാനത്തെ റോഡുകൾ എല്ലാം തകർന്നു. വെള്ളക്കെട്ട് കാരണം ജനജീവിതം ദുസഹമാണ്. മഴപെയ്താൽ കേരളത്തിലെ നഗരങ്ങളെല്ലാം നരകങ്ങളാവുകയാണ്. റോഡ് അറ്റകുറ്റ പണിക്ക് എൻ.എച്ച്.എ.ഐ നൽകിയ പണം പി.ഡബ്ല്യു.ഡി ഉപയോഗിക്കുന്നില്ല.

അഴിമതിക്ക് വേണ്ടിയാണ് സർക്കാർ നിയമസഭയിൽ ലോകായുക്ത നിയമം കൊണ്ടുവന്നത്. മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ലോകായുക്തയുടെ കഴുത്ത് ഞെരിക്കുന്നത്. സർവ്വകലാശാലകൾ പാർട്ടി ഓഫീസാക്കാനാണ് സർവ്വകലാശാല നിയമം കൊണ്ടുവരുന്നത്. സർക്കാർ ഇത്തരത്തിൽ നിഷേധാത്മക സമീപനം സ്വീകരിക്കുമ്പോഴാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

കേരളത്തിന്റെ സാമ്പത്തികരംഗം തകർന്ന് തരിപ്പണമായി കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും കൊടുക്കാനാവുന്നില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. പൊതുമേഖല സ്ഥാപനങ്ങൾക്ക് ശമ്പളം കൊടുക്കാൻ ഗതിയില്ലാതായി. നികുതി വരുമാനം കുറഞ്ഞു. കടമെടുത്താണ് കേരളം മുന്നോട്ട് പോകുന്നത്. കേന്ദ്രസർക്കാരിന്റെ സഹായമുള്ളതു കൊണ്ട് മാത്രമാണ് കേരളം പിടിച്ചു നിൽക്കുന്നത്. റെയിൽവെ വികസനവും മെട്രോ റെയിൽ നീട്ടുന്നതും അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ കേരളത്തിന് ലഭിക്കും. പ്രധാനമന്ത്രി കേരളത്തോട് അനുഭാവപൂർണമായ സമീപനമാണ് കൈക്കൊള്ളുന്നത്. എന്നാൽ കേന്ദ്ര പദ്ധതികൾ അട്ടമിറിക്കാനും പേര് മാറ്റി നടപ്പിലാക്കാനുമുള്ള വിലകുറഞ്ഞ നീക്കമാണ് സംസ്ഥാനം നടത്തുന്നത്. കേന്ദ്രപദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ബി.ജെ.പി ശ്രമിക്കും. വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചത് വിവാദമാക്കുന്നത് കോൺഗ്രസിന്റെ ബാലിശമായ സമീപനമാണ്. കോൺഗ്രസും സി.പി.എമ്മുമായാണ് ധാരണയുള്ളത്.

സെപ്തംബർ ഒന്നിന് വൈകുന്നേരം നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകും. പ്രധാനമന്ത്രി അവിടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് അദ്ദേഹം കാലടി ആശ്രമത്തിൽ സന്ദർശനം നടത്തും. ബി.ജെ.പി കോർ ഗ്രൂപ്പ് യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. ഹൈദ്രബാദ് ദേശീയ നിർവാഹക സമിതിയിൽ എടുത്ത തീരുമാനങ്ങൾ കോർ യോഗത്തിൽ ചർച്ച ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശം സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Prime Minister's visit to Kaladi will give strength to restore Kerala's cultural identity - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.