തിരുവനന്തപുരം: ഇ-സ്റ്റാമ്പിങ് സംവിധാനം കാര്യക്ഷമമാകുന്നതിന് മുമ്പേ മുദ്രപ്പത്രങ്ങളുടെ അച്ചടി നിർത്തിയത് തിരിച്ചടിയായി; സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. കോര്‍ട്ട് ഫീ, റവന്യൂ, നോട്ടറി സ്റ്റാമ്പുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. 50, 100, 500, 1000 രൂപയുടെ മുദ്രപ്പത്രങ്ങളിലാണ് പ്രധാനമായും പ്രതിസന്ധി. 500 രൂപയുടെ മുദ്രപ്പത്രം ആവശ്യമുള്ളവര്‍ 5000 രൂപയുടേത് വാങ്ങേണ്ട സ്ഥിതിയിലാണ്. ഒരുമാസം മുമ്പ് വരെ 500 രൂപ വരെയുള്ള മുദ്രപ്പത്രങ്ങള്‍ക്ക് മാത്രമാണ് ക്ഷാമമുണ്ടായിരുന്നത്. കഴിഞ്ഞ മാസം മുതല്‍ ആയിരം രൂപയുടെ മുദ്രപ്പത്രവും കിട്ടാതെയായി.
ഇ-സ്റ്റാമ്പിങ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മുദ്രപ്പത്രങ്ങൾ ക്രമേണ പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ആറുമാസം മുമ്പ് നാസിക്കിലെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ പ്രസിൽ മുദ്രപ്പത്രങ്ങളുടെ അച്ചടി അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. പക്ഷേ, സംസ്ഥാനത്തെ 1500ൽ ഏറെ സ്റ്റാമ്പ് വെണ്ടര്‍മാർക്ക് രജിസ്റ്റര്‍ ചെയ്യാത്ത ആധാരങ്ങള്‍ക്ക് ഈ-സ്റ്റാമ്പിങ് നല്‍കുന്നതിന് സജ്ജരാകാനായില്ല.
സബ് രജിസ്ട്രാർ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ക്ക് മാത്രമാണ് ഇപ്പോൾ ഈ-സ്റ്റാമ്പ് നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യാത്ത ഇടപാടുകള്‍ക്ക് ഇ-സ്റ്റാമ്പ് വിതരണം ചെയ്യുന്നതുവഴി വരുമാന ചോര്‍ച്ച ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ-സ്റ്റാമ്പ് നല്‍കാത്തതെന്നാണ് വെണ്ടർമാരുടെ വാദം.
ഏറെ മാസങ്ങളായി 100 രൂപ മുദ്രപ്പത്രങ്ങള്ക്കായിരുന്നു ക്ഷാമം. പത്തും ഇരുപതും രൂപയുടെ മുദ്രപ്പത്രം മൂല്യം കൂട്ടി നൽകിയാണ് ഈ പ്രശ്നം പരിഹരിച്ചിരുന്നത്. 10 രൂപ മുദ്രപ്പത്രത്തില്‍ 100 രൂപയുടെ സീല്‍ പതിച്ച് നല്കുന്നതുകാരണം ചില ബാങ്കുകളും സ്ഥാപനങ്ങളും നിരസിക്കുകയും ചെയ്തിരുന്നു. കരാര്‍ ഉടമ്പടികള്‍ക്ക് 200രൂപയുടെ മുദ്രപ്പത്രമാണ് വേണ്ടത്. അത് കിട്ടാത്തതിനാൽ 100 രൂപയുടെ രണ്ടു പത്രങ്ങള്‍ വാങ്ങേണ്ടിവന്നിരുന്നു. നൂറിന്റെ മുദ്രപ്പത്രത്തിന് ക്ഷാമം നേരിട്ടതോടെ കരാറുകള്‍ എഴുതാനും 1000 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട ഗതികേടിലായി. ഇപ്പോള്‍ 1000 രൂപയും കിട്ടാക്കനിയാണ്. ഈ വര്‍ഷം ഏപ്രിൽ മുതല്‍ വാടക കരാറുകള്‍ക്ക് 500 രൂപയുടെ മുദ്രപ്പത്രം നിർബന്ധമാക്കിയതോടെ 500, 1000 രൂപയുടെ മുദ്രപ്പത്രങ്ങള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. ഇപ്പോൾ 1000 രൂപയുടെ മുദ്രപ്പത്രം പൂർണമായും തീർന്നുകഴിഞ്ഞു. 1000 രൂപ കഴിഞ്ഞാല്‍ 5000 രൂപയുടെ മുദ്രപ്പത്രമാണുള്ളത്.
കോര്‍ട്ട് ഫീ, റവന്യൂ, നോട്ടറി തുടങ്ങിയ സ്റ്റാമ്പുകള്‍ ട്രഷറികളില്‍നിന്നും വാങ്ങുന്നതിന് വെണ്ടർമാർ വിമുഖത കാട്ടുന്നതിനാലാണ് സ്റ്റാമ്പുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത്. സ്റ്റാമ്പിന് ആവശ്യക്കാരേറെയുണ്ടെങ്കിലും കമീഷന് കുറവും ജോലിക്കൂടുതലും കാരണം മിക്ക വെണ്ടർമാരും ട്രഷറികളില്‍നിന്നും സ്റ്റാമ്പ് വാങ്ങാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.