കോഴിക്കോട്: കോവിഡ് കാലത്തെ നികുതിയടക്കം ഒറ്റയടിക്ക് ഒരു ലക്ഷം രൂപ അടക്കണമെന്ന് സർക്കാർ ഉത്തരവിൽ വഴിമുട്ടി സ്വകാര്യ ബസ് ഉടമകൾ. കഴിഞ്ഞ ഒമ്പത് മാസത്തെ നികുതി മാർച്ചിൽ അടച്ചു തീർക്കാനാണ് ബസുടമകൾക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ജനുവരിയിൽ അടക്കണമെന്നായിരുന്നു ആദ്യ ഉത്തരവെങ്കിലും മാർച്ചിനുള്ളിൽ മതി എന്ന് പിന്നീട് തീരുമാനം വന്നു.
മൂന്ന് മാസം കൂടുമ്പോഴാണ് നികുതി മുൻകൂറായി അടക്കേണ്ടത് എന്നാണ് വ്യവസ്ഥ. 2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ വരെയുള്ള കാലയളവും ഒക്ടോബർ, നവംബർ, ഡിസംബർ വരെയുള്ള കാലയളവും അടക്കം ജനുവരിയിലെ ഗഡുവിനൊപ്പം അടക്കാനാണ് നിർദേശം വന്നിരിക്കുന്നത്. അതേസമയം ഭാഗിക ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളുമുള്ള കഴിഞ്ഞ വർഷത്തിലെ നികുതികൾ എങ്ങനെ അടക്കുമെന്നാണ് ഉടമകൾ ചോദിക്കുന്നത്.
കോവിഡ് നിയന്ത്രണകാലത്തെ സർവിസിന് നികുതി ഒഴിവാക്കിക്കൊടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് വിരുദ്ധമാണ് പുതിയ ഉത്തരവെന്നാണ് ബസുടമകളുടെ വാദം. കോവിഡ് നിയന്ത്രണകാലത്തെ നികുതി പൂർണമായി ഒഴിവാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തതാണ്. ഇത് സർക്കാർ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. നിയന്ത്രണകാലത്ത് ബസുകൾ ഭാഗികമായി സർവിസ് നടത്തേണ്ടി വന്നതിനാലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിറയെ യാത്രക്കാരെ കയറ്റിപ്പോകാൻ കഴിയാത്തത് കൊണ്ടുമാണ് കമീഷൻ ഈ നിർദേശം വെച്ചത്.
ഈ സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയാണ് സ്വകാര്യ ബസുകൾക്ക് മാർച്ച് മാസം മൂന്ന് ഗഡു നികുതി ഒരു ലക്ഷത്തോളം രൂപ അടക്കണമെന്ന അവസ്ഥ. കോവിഡ് പ്രതിസന്ധിയിൽ കട്ടപ്പുറത്തായ ബസ് വ്യവസായം 50 ശതമാനം പോലും തിരിച്ചുവന്നിട്ടില്ല. രണ്ടാം തരംഗവും മൂന്നാം തരംഗവും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതാണ്. ഇന്ധന വിലവർധനയുൾപ്പെടെയുള്ള പ്രതിസന്ധി വേറെ. കേരളത്തിൽ 32,000 ബസുകൾ ഉണ്ടായിരുന്നിടത്ത് നിലവിൽ 7000 ബസുകളാണ് സർവിസ് നടത്തുന്നത് എന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടുന്നു.
നാല് പേർക്ക് തൊഴിൽ നൽകിയ ബസിൽ ഇപ്പോൾ രണ്ട് പേരാക്കി ചുരുക്കി. എന്നിട്ടും വ്യവസായം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ്. ദീർഘകാലം നിർത്തിയിട്ടതിനെ തുടർന്നുണ്ടായ സാങ്കേതിക തകരാറുകൾ പരിഹരിക്കാനും പരിപാലനത്തിനും നവീകരണത്തിനും വലിയ തുക ചെലവഴിച്ചാണ് മിക്ക ബസുകളും വീണ്ടും റോഡിലിറക്കിയത്. നികുതിയുടെ പേരിൽ സർക്കാർ പിടിവാശി കാണിച്ചാൽ ബസ് സർവിസ് നിർത്തിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.