കൊച്ചി: കോവിഡ് കാലത്ത് വൻ തുക ഡൊണേഷൻ വാങ്ങി ചൂഷണം ചെയ്യുന്നുവെന്ന പരാതികളുമായി സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾക്കെതിരെ രക്ഷിതാക്കൾ. ഫീസ് വർധന ചൂണ്ടിക്കാട്ടി കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റാൻ ശ്രമിച്ചവർക്കും തിരിച്ചടിയുണ്ടായെന്ന് അവർ പറയുന്നു. സ്കൂൾ മാറുന്നതിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അനുവദിക്കാത്ത സ്ഥിതിയുണ്ടെന്നും പാരൻറ്സ് കൂട്ടായ്മ രക്ഷാധികാരി മുജീബ് റഹ്മാൻ പറഞ്ഞു. കോവിഡ് സാഹചര്യം പരിഗണിച്ച് ഫീസിളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സമരങ്ങൾ നടന്നിരുന്നു. ടി.സി തരാൻ ഫീസ് അടക്കണമെന്നാണ് പല മാനേജ്മെൻറുകളും ആവശ്യപ്പെടുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ ഇത്തരം നടപടികൾക്കെതിരെ ഭയംകൊണ്ടാണ് പലരും പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഫീസടക്കാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽനിന്ന് ഒഴിവാക്കുന്നതായും പരാതിയുണ്ട്. തുക നൽകുന്നത് വൈകിയപ്പോൾ ഉത്തരക്കടലാസുകൾ പിടിച്ചുെവച്ച സംഭവങ്ങളും കഴിഞ്ഞ വർഷങ്ങളിലുണ്ടായി. എന്നാൽ, ആരോപണങ്ങൾ അർഥമില്ലാത്തതാണെന്ന് സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് ടി.പി.എം. ഇബ്രാഹിംഖാൻ പറഞ്ഞു. കഴിഞ്ഞ വർഷം 25 ശതമാനത്തോളം ഫീസ് ഇളവ് നൽകിയിരുന്നു. ഇതുകൂടാതെയും കോവിഡ് സാഹചര്യം പരിഗണിച്ച് നിരവധി രക്ഷിതാക്കൾക്ക് സ്കൂളുകൾ ഫീസ് ഇളവ് നൽകിയിരുന്നു. കടം വാങ്ങി അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം കൊടുക്കേണ്ട സ്ഥിതിയിലാണ് മാനേജ്മെൻറുകൾ. രണ്ടു വർഷത്തിലധികം ഫീസ് കുടിശ്ശികയുള്ളവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.