തിരുനെല്ലി (വയനാട്): പിതൃസ്മരണയിൽ വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച ഉച്ചക്ക് 12.15ഓടെ അച്ഛനലിഞ്ഞ മണ്ണിൽ ഓർമകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിന്റെ പടി കയറിയത്.
1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിൽ നിമജ്ജനം ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകൾ നടത്തി.
മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവർ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽ ഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അന്ന് മുണ്ടും നേര്യതുമണിഞ്ഞ് ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാ ന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി നദിയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.