കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രിയങ്ക ഗാന്ധി തിളക്കമാർന്ന വിജയമാണ് നേടിയത്. 4,10,931 വോട്ടിന്‍റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി നേടിയത്. സഹോദരൻ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്നായിരുന്നു പ്രിയങ്കയുടെ മുന്നേറ്റം.
2021 ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും വിജയച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തിയാണ് വയനാട് സീറ്റ് വിട്ടൊഴിഞ്ഞത്. വയനാട്ടിൽ നിന്നുള്ള ലോക്സാംഗത്വം രാജിവെച്ച് കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ, തന്‍റെ പിൻഗാമി സഹോദരി പ്രിയങ്ക ആയിരിക്കുമെന്നും മണ്ഡലത്തെ സഹോദരിയെ ഏൽപ്പിക്കുന്നുവെന്നും രാഹുൽ പ്രഖ്യാപിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള കാത്തിരിപ്പിലായിരുന്നു വയനാട്ടിലെ യു.ഡി.എഫ് പ്രവർത്തകർ അടക്കമുള്ളവർ.
അനുകാലിക രാഷ്ട്രീയത്തെക്കാൾ വ്യക്തിപ്രഭാവം പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം ലഭിക്കുന്നതിന് കാരണമായി. ഇന്ദിര ഗാന്ധിയുടെ പൗത്രിയെന്നും രാജീവ് ഗാന്ധിയുടെ പുത്രിയെന്നും രാഹുൽ ഗാന്ധിയുടെ സഹോദരിയെന്നുമുള്ള ഘടകവും പ്രചാരണത്തിൽ വോട്ടർമാരെ ആകർഷിച്ചു. പത്രത്തിലും ചാനൽ വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും മാത്രം കണ്ടിരുന്ന പ്രിയങ്കയെ നേരിൽ കാണുന്നത് വയനാട്ടിലെ ജനങ്ങൾ വലിയ ആഘോഷമാക്കി.
കൈകൂപ്പി, പുഞ്ചിരിയോടെ, സൗമ്യമായി സംസാരിക്കുന്ന പ്രിയങ്ക വളരെ വേഗത്തിൽ വോട്ടർമാരുടെ ഹൃദയം കീഴടക്കി. ആശയവിനിമയത്തിലെ ബുദ്ധിമുട്ട് തടസമാകാതെ, ഇടനിലക്കാരില്ലാതെ ജനങ്ങളുടെ വേദനകളും ആവശ്യങ്ങളും പ്രിയങ്ക നേരിട്ടു ചോദിച്ചറിഞ്ഞു. വയനാട് നേരിടുന്ന പ്രശ്നങ്ങളെ ഒരുമിച്ച് നേരിടാമെന്നാണ് പ്രാചരണത്തിനിടെ ജനങ്ങൾക്ക് പ്രിയങ്ക നൽകിയ ഉറപ്പ്.
മണ്ഡലത്തിലെ സാധാരണക്കാരുടെ മനംകവരാൻ വളരെ വേഗത്തിൽ പ്രിയങ്കക്ക് സാധിച്ചു. കൂടാതെ, രാഹുലുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി തവണ പ്രചാരണത്തിനായി പ്രിയങ്ക എത്തുകയും ചെയ്തിരുന്നു. ഇതും കൂടുതൽ ജനങ്ങളിലേക്ക് അടുക്കാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് സാധിച്ചു.
ദേശീയ നേതാവായ പ്രിയങ്കയുടെ ഭൂരിപക്ഷം കുറയരുതെന്ന വാശിയിലായിരുന്നു കോൺഗ്രസും യു.ഡി.എഫും. പ്രിയങ്കയുടെ സ്ഥാനാർഥിത്വം രാഹുൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ കോൺഗ്രസ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പ്രിയങ്കക്ക് വോട്ട് കുറയുന്നത് ദേശീയ തലത്തിൽ കോൺഗ്രസിന് മോശമാകുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ.
വയനാട്-കർണാടക രാത്രിയാത്രാ പ്രശ്നവും വയനാടിന്‍റെ വികസന മുരടിപ്പും മെഡിക്കൽ കോളജിന്‍റെ പൂർണ പ്രവർത്തനങ്ങളും പ്രിയങ്ക നേരിടാൻ പോകുന്ന വെല്ലുവിളികളാണ്. കൂടാതെ, അടക്കം ചൂരൽമല-മുണ്ടക്കൈ ഉരുൾ ദുരന്തത്തിന്‍റെ ഇരകളുടെ പുനരധിവാസത്തിനുള്ള നടപടികളിലും കേന്ദ്ര സർക്കാർ സഹായം നേടിയെടുക്കാനും പ്രിയങ്കക്ക് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.