വടകര: വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൈകാരിക വിഷയങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് പ്രിയങ്ക ഗാന്ധിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇതിൽ അവർ വിജയിക്കുകയാണ് ചെയ്തതെന്നും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരി. തോൽവി സംബന്ധിച്ച് എൽ.ഡി.എഫും പാർട്ടിയും പരിശോധിക്കുമെന്നും വടകരയിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും അടക്കമുള്ള രക്തസാക്ഷിത്വം പ്രിയങ്ക ഗാന്ധിക്കായി വൈകാരികമായി ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ ജനമനസ്സുകളിൽ സ്വാധീനമുറപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ഒരു ഘട്ടത്തിൽപോലും, സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളോ വയനാടിന്റെ വികസനമോ ചർച്ച ചെയ്യാൻ കോൺഗ്രസ് തയാറായില്ല.
സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധവികാരം വയനാട്ടിൽ ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാറിനെതിരായ പ്രചാരണം കോൺഗ്രസ് നടത്തിയിട്ടുമില്ല. ഇൻഡ്യ മുന്നണിയെ ശക്തപ്പെടുത്തുന്നതിനുപകരം മഹാഭൂരിപക്ഷം മതേതര വിശ്വാസികളുള്ള കേരളത്തിൽവന്ന് എന്തിനാണ് കോൺഗ്രസ് മത്സരിച്ചതെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ പ്രിയങ്കയുമായി സംസാരിച്ചെങ്കിലും മറുപടി പറയാൻ തയാറായില്ലെന്ന് സത്യൻ മൊകേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.