മീനങ്ങാടി: വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മീനങ്ങാടിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടുകാർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് തനിക്കറിയാം. രാഹുൽ ഗാന്ധി വയനാടിന്റെ എം.പി ആയിരിക്കുമ്പോൾ അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്.
ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വയനാട്ടിലെത്തിയപ്പോഴാണ് ബുദ്ധിമുട്ടുന്ന ജനങ്ങളെ എങ്ങനെയാണ് ഈ ജനത സഹായിക്കുന്നതെന്ന് മനസ്സിലായത്. വയനാട്ടുകാർ ജാതിയോ മതമോ മറ്റു കാര്യങ്ങളോ നോക്കാതെ എല്ലാവരെയും സഹായിച്ചു. പോരാട്ട ചരിത്രമുള്ള ജനതയാണ് വയനാട്ടിലേത്. ബ്രിട്ടീഷുകാർക്കെതിരെ വയനാടൻ ജനത ശക്തമായി പോരാടി. മത സൗഹാർദത്തിന്റെ പാരമ്പര്യവും ചരിത്രങ്ങളുമാണ് വയനാട്ടിലേത്. ശ്രീനാരായണ ഗുരുവിന്റെ അനുയായികൾ എന്ന നിലയിൽ വയനാട്ടിലെ ജനങ്ങൾ സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിക്കുന്നു. വയനാടിനെ പ്രതിനിധീകരിക്കുക വഴി ഇന്ത്യയിലെ ഏറ്റവും അനുഗ്രഹീതമായ വ്യക്തി താനാവുമെന്ന് അവർ പറഞ്ഞു.
മാർക്കറ്റ് ജങ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രിയങ്ക ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചു.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ, കോഓഡിനേറ്റർ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദീഖ് എം.എൽ.എ, ജെബി മേത്തർ എം.പി, ടി. മുഹമ്മദ്, പി.ടി. ഗോപാലക്കുറുപ്പ്, അബ്ദുല്ല മാടാക്കര, ഡി.പി. രാജശേഖരൻ, കെ.ഇ. വിനയൻ, മനോജ് ചന്ദനക്കാവ്, ഹൈറുദ്ദീൻ, എൻ.എസ്. ശുക്കൂർ, വി.എം. വിശ്വനാഥൻ, ബേബി വർഗീസ്, എം.എ. അയ്യൂബ്, കെ.പി. നുസ്റത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.