തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞക്കായി ന്യൂഡൽഹിയിലെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ കാറിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അവരുടെ വേറിട്ട വേഷത്തിലായിരുന്നു. ആ പ്രത്യേക ദിവസത്തിൽ കേരള കസവു സാരി തെരഞ്ഞെടുത്ത അവർ ഒരു വേഷം എന്നതിലുപരി രാജ്യത്തുടനീളമുള്ള കാഴ്ചക്കാരിലേക്ക് കേരളത്തിന്റെ സംസ്കാരം ഉയർത്തിക്കാണിക്കുകയായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വയനാട് എം.പിക്ക് കേരളവുമായുള്ള ആത്മബന്ധത്തിന്റെ അടയാളം കൂടിയായി അത്.
സ്വർണ നിറം കൊണ്ട് കരയിട്ട കസവുസാരിയായിരുന്നു അവർ ധരിച്ചത്. ദേശീയ തലത്തിലുള്ള ഈ ‘പരിചയപ്പെടുത്ത’ൽ കേരളത്തിലെയടക്കം പരമ്പരാഗത കൈത്തറി മേഖലക്ക് മുതൽക്കൂട്ടായേക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ.
പ്രിയങ്കയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും കേരള സാരി ഉടുക്കുമായിരുന്നു. ഇന്ദിരക്കും സോണിയക്കും കേരളത്തിൽനിന്നുള്ള എം.പിമാർ പലതവണ കസവു സാരികൾ സമ്മാനിച്ചിട്ടുണ്ട്. രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ പരമ്പരാഗത കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന് ഊർജം പകരുന്നതാണ് പ്രിയങ്കയുടെ കസവു സാരിയിലുള്ള ‘മേക്കോവർ’.
പല വിധത്തിലുള്ള പ്രതിസന്ധികൾ ആണ് പരമ്പരാഗത കൈത്തറി വ്യവസായം നേരിടുന്നത്. നെയ്ത്തുകാരുടെ കുറഞ്ഞ വേതനം മുതൽ ഇടനിലക്കാരുടെ ചൂഷണം വരെ നീളുന്നു അത്. നൂലിന്റെ ക്ഷാമവും അസംസ്കൃത വസ്തുക്കളായ നിറക്കൂട്ടിന്റേതടക്കം വില ഉയർന്നതും കൈത്തറി മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു.
സംസ്ഥാനത്ത് ചുരുങ്ങിയ തോതിൽ മാത്രമേ നൂൽ ഉൽപാദനമുള്ളു. മില്ലുകളിൽ പലതും പൂട്ടിപ്പോയി. ശേഷിക്കുന്ന 17 മില്ലുകളിൽ ഒമ്പതെണ്ണം സഹകരണ മേഖലയിലും എട്ടെണം ഹാൻഡ് ലൂം കോർപറേഷന്റെ കീഴിലുമാണ്. അവയിൽ ഉൽപാദിപ്പിക്കുന്നവ സംസ്ഥാനത്തിന്റെ ആവശ്യത്തിന് തികയുന്നുമില്ല. കൈത്തറി മേഖലക്ക് നൽകി വരുന്ന റിബേറ്റും നൂൽ സബ്സിഡിയും നേരത്തെ തന്നെ കേന്ദ്രം നിർത്തലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.