കൽപറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷം വോട്ടുകൾക്കു മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക കുതിക്കുകയാണ്.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം സഹോദരി അനായാസം മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 3,64,111 വോട്ടുകൾക്കാണ് രാഹുൽ അന്ന് ജയിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്‍റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ, പോളിങ് ശതമാനത്തിൽ ഇടിവുണ്ടായത് യു.ഡി.എഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാൽ, അതെല്ലാം തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന ഫലം. ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രിയങ്ക 1,40,524 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. 2,13,726 വോട്ടുകളാണ് പ്രിയങ്കക്ക് ലഭിച്ചത്. എതിർ സ്ഥാനാർഥി സി.പി.ഐയുടെ സത്യൻ മൊകേരിക്ക് 73,202 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി വന്യ ഹരിദാസിന് 41,121 വോട്ടുകളും ലഭിച്ചു. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ തന്നെ ഏഴു നിയമസഭ മണ്ഡലങ്ങളിലും പ്രിയങ്കയാണ് മുന്നേറുന്നത്.
ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന എൽ.ഡി.എഫ് അവകാശവാദം വെറുതെയായി. രാഹുലിനെ പോലെ സഹോദരി പ്രിയങ്കയെയും വയനാട്ടിലെ വോട്ടർമാർ നെഞ്ചോടു ചേർത്തു എന്നതിന്‍റെ തെളിവാണ് പുറത്തുവരുന്ന ഫലം. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് ഇത്തവണ പോളിങ്.
കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്. എൽ.ഡി.എഫ് കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത് എന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആദ്യം മുതലേ അവകാശപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.