ആലപ്പുഴ: ആലപ്പുഴയിൽ പാർട്ടി വിഭാഗീയത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയത നടത്തുന്നവർക്ക് ഏതെങ്കിലും നേതാവിന്‍റെ പിന്തുണ ലഭിക്കുമെന്ന് വിചാരിക്കരുത്. ഹരിപ്പാട്ട് നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിൽ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൽ.ഡി.എഫിന്‍റെ വോട്ട് ചോർന്നതിൽ സംഘടനാപരമായ പരിശോധന നടന്നിട്ടില്ല. നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാൻ ശക്തമായി പ്രവർത്തിക്കണം. താഴെത്തട്ടിൽ പരിശോധനകളും വിലയിരുത്തലുകളും നടക്കുന്നില്ല. ജില്ലയിൽ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണം നേതാക്കൾ തമ്മിലെ വ്യക്തിവൈരാഗ്യമാണ്. നേരത്തേ ആശയപരമായ ഭിന്നതയാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നേതാക്കളുടെ പേരുപറഞ്ഞുള്ള ഭിന്നതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാട്ടാൻ സി.പി.എം തയാറല്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു. വടകരയിലും ബേപ്പൂരിലും അന്നത്തെ സംഘ്പരിവാറിന് അംഗീകരിക്കാൻ കഴിയുന്ന സ്ഥാനാർഥികളെ യു.ഡി.എഫ് നിർത്തിയിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും അംഗീകരിക്കുന്നവരെ യു.ഡി.എഫ് സ്ഥാനാർഥികളാക്കും. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയാവും ഇതിന്‍റെ ഫലമെന്ന് തിരിച്ചറിയണം. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം എസ്.ഡി.പി.ഐ അവരുടെ വിജയമായാണ് ആഘോഷിച്ചത്. എല്ലാ വർഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി എൽ.ഡി.എഫിനെ പരാജയപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരെയും ഒപ്പം കൂട്ടുന്ന നിലയിലാണ് മുസ്ലിം ലീഗ്. എൽ.ഡി.എഫും സി.പി.എമ്മും ഇതുപോലുള്ള ഒരു കൂട്ടുകെട്ടും ഉണ്ടാക്കില്ല എന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജില്ല സെക്രട്ടറി ആർ. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, നേതാക്കളായ ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, പി.കെ. ബിജു, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ചവരെ തുടരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.