കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ് ഹസ്സൻ അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.മയ്യിത്ത് വൈകുന്നേരം നാല് മണിമുതൽ 11 വരെ വെള്ളിമാടുകുന്ന് ജെ.ഡി.ടിയിൽ (JDT) പൊതുദർശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
എഴുത്തുകാരൻ, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ സ്ഥാപക സെക്രട്ടറിയായിരുന്നു.
കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എയും (അറബിക്) നേടി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർകോട് ഗവൺമെൻറ് കോളജുകളിൽ അധ്യാപകനായിരുന്നു. ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്മിയുമാണ്. പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാം ദർശനത്തിന്റെ അസിസ്റ്റൻറ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻറ് അമീറും 1990 മുതല്‍ 2005 വരെയുള്ള നാലു തവണ ജമാഅത്തെ ഇസ്‌ലാമി കേരള അമീറും ആയിരുന്നു.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെൽഫെയർ ഫൗണ്ടേഷന്‍റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍ എന്ന നിലയിൽ നിസ്തുലമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്‍റ് ആൻഡ് ക്രെഡിറ്റ് ലിമിറ്റഡിന്‍റെ അധ്യക്ഷനായും ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (CIGI), സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (SIAS) എന്നിവ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു.
ഭാര്യ: വി.കെ. സുബൈദ. മക്കൾ: ഫസലുർറഹ്മാൻ, സാബിറ, ശറഫുദ്ദീൻ, അനീസുർറഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.