കൊച്ചി: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ അധികാരപരിധി വിട്ട് പ്രവർത്തിക്കുന്ന പ്രവണത കേരളത്തിൽ വർധിക്കുന്നതായി ഹൈകോടതി. ഭരണഘടനാപരമായും നിയമപരമായും നിലനിൽക്കുന്ന ഇത്തരം ചില സ്ഥാപനങ്ങൾ പുറത്തുള്ള വിഷയങ്ങളിൽ പ്രമേയം പാസാക്കുന്ന രീതി കൂടിവരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിൽ പെട്രോൾ പമ്പിന് നിർമാണാനുമതി നിഷേധിച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നടപടിയെ വിമർശിച്ചാണ് കോടതിയുടെ നിരീക്ഷണം.
പെട്രോൾ പമ്പിന് അനുമതി നിഷേധിച്ചതിനെതിരെ ലൈസൻസിയായ ജെറിൻ ജെ. റോയ്സ് നൽകിയ ഹരജിക്കൊപ്പം തൈക്കാട്ടുശ്ശേരി ഗവ. യു.പി സ്കൂളിനുസമീപം പമ്പ് സ്ഥാപിക്കുന്നതിനെതിരെ സ്കൂൾ മാനേജ്മെൻറ് സമിതിയും രക്ഷിതാക്കളും നൽകിയ ഹരജിയും കോടതി പരിഗണിച്ചു. സ്കൂൾ പരിസരത്ത് പെട്രോൾ പമ്പ് സ്ഥാപിക്കുന്നത് മലിനീകരണമുണ്ടാക്കുമെന്നും ഹരിത ട്രൈബ്യൂണലിെൻറ സർക്കുലറിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് നിർമാണാനുമതി നിഷേധിച്ചത്.
എന്നാൽ, പമ്പിന് മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതിയുണ്ടെന്ന് കോടതി വിലയിരുത്തി. പരിസ്ഥിതി സംരക്ഷണത്തിന് നിയമപരമായി ബാധ്യതയുള്ളത് മലിനീകരണ നിയന്ത്രണ ബോർഡിനാണ്. അവരുടെ തീരുമാനത്തിൽ വിധി പറയാൻ പഞ്ചായത്ത് കമ്മിറ്റിക്ക് കഴിയില്ല. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിനുമുമ്പ് കലക്ടർ മതിയായ അന്വേഷണം നടത്തിയിരുന്നില്ലെന്ന് തെളിയിക്കാൻ രേഖകളില്ലെന്നും കോടതി വിലയിരുത്തി. പഞ്ചായത്ത് തീരുമാനം റദ്ദാക്കിയ കോടതി അപേക്ഷ വീണ്ടും പരിഗണിച്ച് നിയമപരമായ അർഹതയുണ്ടെങ്കിൽ അനുവദിക്കാൻ നിർദേശിച്ച് ഹരജികൾ തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.