തളിപ്പറമ്പ്​ സ്വത്ത്​ തട്ടിപ്പ്​: മുഖ്യപ്രതി ശൈലജയും ഭർത്താവും കീഴടങ്ങി

തളിപ്പറമ്പ്: വ്യാജരേഖ ചമച്ച് സഹകരണ ​െഡപ്യൂട്ടി രജിസ്ട്രാറായിരുന്ന തളിപ്പറമ്പിലെ പി. ബാലകൃഷ്ണ​​െൻറ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പൊലീസിൽ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ പയ്യന്നൂരിലെ അഭിഭാഷക കെ.വി. ഷൈലജയും ഭർത്താവ് കൃഷ്ണകുമാറുമാണ് ഇന്നലെ രാവിലെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ മുമ്പാകെ കീഴടങ്ങിയത്.

രാവിലെ 9.40ഓടെ കാറിലാണ് ഇരുവരും തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിലെത്തിയത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ ഹൈകോടതി മുൻകൂർജാമ്യം നിഷേധിച്ചതോടെയാണ് കീഴടങ്ങിയത്​. ഷൈലജയെ 10 മണി മുതൽ ഉച്ചക്ക് ഒന്നരവരെ ഡിവൈ.എസ്.പി കെ.വി. വേണുഗോപാലും സംഘവും ചോദ്യംചെയ്തു. ഉച്ചക്കുശേഷം കൃഷ്ണകുമാറി​െനയും ചോദ്യംചെയ്തു.2011ൽ കൊടുങ്ങല്ലൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണ​​െൻറ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ഷൈലജയും കൃഷ്ണകുമാറും കേസന്വേഷണം തുടങ്ങിയ ദിവസം മുതൽ ഒളിവിൽ കഴിയുകയായിരുന്നു. 

ഷൈലജയെയും ഭർത്താവിനെയും പൊലീസ് ശനിയാഴ്ച പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ പൊലീസ് കസ്​റ്റഡിയിൽ ആവശ്യപ്പെടും.



നീതിപീഠം കെയ്യൊഴിഞ്ഞു: ഒടുവിൽ ഗത്യന്തരമില്ലാതെ കീഴടങ്ങൽ
തളിപ്പറമ്പിലെ പ്രമുഖ ഡോക്ടറായി രുന്ന ഡോ.കുഞ്ഞമ്പുവിന്റെ മകൻ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും വ്യാജ വിവാഹ സർട്ടിഫിക്കറ്റും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റും ഉണ്ടാക്കി കോടികളുടെ സ്വത്തു തട്ടിയെടുത്തുവെന്നുമുള്ള കേസിലെ പ്രതികളായ അഡ്വ.ശൈലജയും ഭർത്താവ് കൃഷ്ണ കുമാറും കീഴടങ്ങിയത് മറ്റ് ഗത്യന്തമില്ലാതെ. അഭിഭാഷകയെന്ന പരിഗണന പോലും ലഭിക്കാതെ ഹൈക്കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതോടെ മറ്റു പോംവഴികളില്ലാതെ കീഴടങ്ങേണ്ടി വന്നു.പ്രതികളെ കൂട്ടിൽ കയറ്റി നിർത്തി വാദിച്ച കോടതിയിൽ പ്രതിയായി വന്നുകയുന്നത് ഒഴിവാക്കാനാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.മുമ്പാകെ കീഴടങ്ങിയത്. മൊഴിയെടുത്ത ശേഷം രാത്രി മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് രാവിലെ കോടതിയിൽ തന്നെ ഹാജരാക്കാനാണ് പൊലിസ് തീരുമാനം. അഭിഭാഷകയെന്ന പരിഗണനയിൽ മുൻകൂർ ജാമ്യം പ്രതീക്ഷിച്ചിരുന്നു, എന്നാൽ വ്യക്തമായ തെളിവുകളും തട്ടിപ്പിന്റെ ആഴവും കോടതിയെ ബോധ്യപ്പെടുത്താൻ പൊലിസിന് സാധിച്ചതോടെ താല്ക്കാലിക തടവറയിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു.ഇതിനിടെ ശൈലജയുടെ സഹോദരി ജാനകി പിടിയിലായതും തിരിച്ചടിയായി. ആദ്യം വിവാഹത്തിൽ ഉറച്ചു നിന്ന ജാനകി പിന്നീട് സത്യം തുറന്നു പറഞ്ഞു. ശക്തമായ തെളിവുകളാണ് പൊലിസ് ദിവസങ്ങൾക്കുള്ളിൽ ശേഖരിച്ചത്.

പയ്യന്നൂരും പരിസരങ്ങളിലും ഒതുങ്ങാത്തതായിരുന്നു തട്ടിപ്പ്'.തിരുവനന്തപുരത്തെത്തിയ പ്രത്യേക അന്വേഷണ സംഘം ബാലകൃഷ്ൻ താമസിച്ച വീട് കണ്ടെത്തി.ഈ വീട്ടിൽ മറ്റൊരു കുടുംബമാണ് താമസിക്കുന്നത്.ഇവർ വീടും പറമ്പും പയ്യന്നൂരിലെ ഒരു സ്ത്രീയിൽ നിന്ന് വാങ്ങിയതാണെന്ന് പോലിസിനു മൊഴി നൽകി.പേട്ടയിൽ കോടികൾ വിലമതിക്കുന്ന വീടും പറമ്പും 19.5 ലക്ഷത്തിനാണ് രജിസ്റ്റർ ചെയ്തതെന്ന് പോലിസിന് വിവരം ലഭിച്ചു. എന്നാൽ കോടികൾ ലഭിച്ചതായാണ് പറയപ്പെടുന്നത്.ഇവിടെ നിന്നാണ് പ്രതികൾ ബാലകൃഷ്ണനെ കൂട്ടി കോഴിക്കോട്ടേക്ക് തിരിച്ചത്. വഴിമദ്ധ്യേയാണ് കൊടുങ്ങല്ലൂരിൽ വെച്ച് മരിച്ചത്. വിവാഹ സർട്ടിഫിക്കറ്റ് നൽകിയ ക്ഷേത്രത്തിലെത്തി രേഖകൾ പരിശോധിച്ച പോലിസ് സർട്ടിഫിക്കറ്റ് ക്ഷേത്ര കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയതാണെന്നു കണ്ടെത്തി.അതുകൊണ്ട് ക്ഷേത്ര കമ്മിറ്റിയെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ വിഭാഗം.1980 ൽ ആണ് ക്ഷേത്രത്തിൽ വെച്ച് മരിച്ച ബാലകൃഷ്ണൻ ജാനകിയെ വിവാഹം കഴിച്ചതെന്നാണ് പറഞ്ഞിരൂന്നത്. 

1983 ന് മുമ്പ് ക്ഷേത്രത്തിൽ വിവാഹ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ല. പെൻഷൻ ആവശ്യത്തിനെന്നു പറഞ്ഞപ്പോൾ ഇത് വിശ്വസിച്ച ക്ഷേത്ര അധികൃതർ ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വില്ലേജ് ഓഫീസിൽ നിന്ന് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൈക്കലാക്കിയത്. ഇതു കാണിച്ചാണ് തിരുവനന്തപുരത്തെ വീട് വിറ്റതും പരിയാരത്തെ അറ് ഏക്കർ സ്ഥലം കൈക്കലാക്കിയതും സ്ഥലം ജാനകി സഹോദരിക്ക് കൈമാറിയതും. മാത്രമല്ല 2010 ഒക്ടോബർ മുതൽ ബാലകൃഷ്ണന്റെ സർവ്വീസ് പെൻഷനും ജാനകി കൈപ്പറ്റുന്നുണ്ട്. ഇതിനു പുറെമെ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ നിന്ന് വിധവാ പെൻഷൻ വാങ്ങുന്നതായും പോലിസ് കണ്ടെത്തി.ക്ഷേത്രത്തിൽ നിന്നും നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഒറിജിനലാണെങ്കിലും വിവാഹം കഴിച്ചത് വിശ്വസിപ്പിക്കാൻ തയ്യാറാക്കിയ ക്ഷണക്കത്ത് തട്ടിപ്പിന്റെ നിർണ്ണായക തെളിവായി.1980 ൽ തയ്യാറാക്കിയ കത്ത് ഡി.പി.യിലാണ് ചെയ്തിരിക്കുന്നത്.ഈ കാലത്ത് ഡി. ട്ടി .പി പ്രിൻറിങ് വന്നിട്ടില്ല. മാത്രമല്ല കത്തിൽ പരേതനായ ഡോ.കുഞ്ഞമ്പു വിന്റെ മകൻ എന്നാണ് പറഞ്ഞിട്ടുള്ളത്.ഡോക്ടർ മരിക്കുന്നത് 12  വർഷത്തിനു ശേഷമാണ് .

ബാലകൃഷ്ണനെ വിവാഹം ചെയ്തുവെന്നു പറയുന്ന ജാനകി നേരത്തെ രണ്ടു വിവാഹം കഴിച്ചതായും പോലിസ് കണ്ടെത്തി. ആദ്യം കൈതപ്രത്തെ ഗോവിന്ദ പൊതുവാളിനെയാണ് വിവാഹം കഴിച്ചത്. കൈതപ്രത്തെത്തിയ പോലീസ് ഇത് സ്ഥിരീകരിച്ചു.ഈ ബന്ധം രണ്ടു മാസം മാത്രമാണ് നിലനിന്നത്. പഴയ പുടമുറി സമ്പ്രദായത്തിലായിരുന്നു ഈ വിവാഹം. വിവാഹത്തിൽ പങ്കെടുത്ത രണ്ടു പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനു ശേഷമാണ് കാർക്കളയിലെ ശ്രീധരൻ നായരെ വിവാഹം ചെയ്തത് .ശ്രീധരൻ നായർ മരിക്കുന്നതു വരെ അവിടെയാണ് താമസിച്ചിരുന്നത്.ശ്രീധരൻ നായരുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിധവാ പെൻഷൻ വാങ്ങുന്നത്.1980 ജൂലൈ 10 ന് ജാനകി ശ്രീധരൻ നായരെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ച സർട്ടിഫിക്കറ്റ് പോലിസ് വാങ്ങിയിട്ടുണ്ട്. ഗോവിന്ദ പൊതുവാൾ നാലുവർഷം മുമ്പ് നാട്ടിൽ വന്നതായും ഇപ്പോൾ കർണ്ണാടകയിൽ എവിടെയോ ഉള്ളതായും ബന്ധുക്കൾ പോലിസിനു മൊഴി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ പോലിസ് കർണ്ണാടകത്തിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. പോലിസ്  തമിഴ്നാട് ചെന്നൈയിലുള്ള ബാലകൃഷ്ണന്റെ ബന്ധുക്കളെ കണ്ടും അന്വേഷണം നടത്തി.മാത്രമല്ല ബാലകൃഷ്ണന്റെ സഹോദരൻ കുഞ്ഞിരാമന്റെ പുത്രിമാർ ചെന്നൈയിൽ നിന്നും സിംഗപ്പൂരിൽ നിന്നും പയ്യന്നൂരിലെത്തി മൊഴി നൽകി.

കോറോത്തെ ജാനകി ബാലകൃഷ്ണനെ വിവാഹം കഴിച്ച് പയ്യന്നൂർ തായിനേരിയിൽ താമസിച്ചതായുള്ള വാദവും പൊളിഞ്ഞു.ഇവിടെ അന്വേഷിച്ചപ്പോൾ താമസിച്ചിട്ടില്ലെന്ന വിവരമാണ് പോലിസിന് ലഭിച്ചത്.രണ്ട് സാക്ഷികളെ പരിചയപ്പെടുത്തിയിരുന്നുവെങ്കിലും തങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു.ബാലകൃഷ്ണനും ജാനകിയും തമ്മിലുള്ള വിവാഹ ഫോട്ടോ കൃത്രിമമായുണ്ടാക്കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബാലകൃഷ്ണന്റെ മരണം കൊലപാതകമല്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.എന്നാൽ ഇതു സംബന്ധിച്ച് കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണംനടത്തിവരികയാണ്. സ്വത്തുക്കൾ തട്ടിയെടുക്കാൻ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് കൂട്ടിക്കൊണ്ടുവരവെ കൊടുങ്ങല്ലൂരിൽ വെച്ച്മരണപ്പെട്ടതായിരിക്കാമെന്നാണ് സംശയിക്കുന്നത്.

പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പരിയാരത്തെ ആറ് ഏക്കർ സ്ഥലം കൈക്കലാക്കിയതായും തിരുവനന്തപുരം കാനറാ ബാങ്കിൽ നിന്ന് ബാലകൃഷ്ണന്റെ അക്കൗണ്ടിൽ നിന്നുള്ള പണം പിൻവലിച്ചതായുo അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിൽ പയ്യന്നൂർബാറിലെ അഭിഭാഷക ശൈലജ, ഭർത്താവ് കൃഷ്ണകുമാർ ,ശൈലജയുടെ സഹോദരി ജാനകി ,വില്ലേജ് ഓഫീസർ, താഹ്സിൽദാർ എന്നിവർക്കെതിരെയാണ് കോടതി നിർദ്ദേശ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്.സംഭവത്തിൽ കൂടുതൽ പേർ പ്രതികക്കുണ്ടായേക്കുമെന്നാണ് പോലിസ് നൽകുന്ന സൂചന.ശൈലജയെയും കൃഷ്ണകുമാറിനെയും ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ തെളിവുകൾ പുറത്തു വരൂ.


കേസ് കെട്ടിച്ചമച്ചതെന്നും പുഷ്പംപോലെ പുറത്തുവരുമെന്നും ശൈലജ
കേസ് കെട്ടിച്ചമച്ചതാണെന്നും കോടതിയിലെത്തിയാൽ പുഷ്പംപോലെ പുറത്തുവരുമെന്നും സ്വത്ത്​ തട്ടിപ്പുകേസിലെ പ്രതി ശൈലജ അന്വേഷണ ഉദ്യോഗസ്ഥരോട്. ആക്​ഷൻ കമ്മിറ്റി സെക്രട്ടറിയിൽനിന്ന്​ കൈക്കൂലി വാങ്ങിയാണ് കേസിൽ പ്രതിചേർത്തതെന്നും ശൈലജ പറഞ്ഞു. സെക്രട്ടറിയെ പേരെടുത്തു വെല്ലുവിളിക്കാനും മറന്നില്ല. മാധ്യമപ്രവർത്തകർക്കു നേരെയുമുണ്ടായി ശകാരവർഷം. തളിപ്പറമ്പിൽനിന്ന് വാർത്ത എടുത്തത് പോരെ എന്നായിരുന്നു പയ്യന്നൂരിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചത്. പൊലീസ് മാധ്യമങ്ങൾക്ക് വാർത്ത ചോർത്തിക്കൊടുക്കുന്നതായും ആരോപിച്ചു. ജയിലിൽ പോകുന്നതി​​െൻറ വിഷമം മുഖത്ത് പ്രകടമായിരുന്നില്ല. കുറ്റംചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പ്രതി. തളിപ്പറമ്പിലും പൊലീസിനെ ശക്തമായി വിമർശിക്കാനാണ് ആദ്യം ശ്രമം നടന്നത്. 

എന്നാൽ, ഡിവൈ.എസ്.പി തെളിവുകളായി രേഖകളും വിഡിയോദൃശ്യങ്ങളും കാണിച്ചുകൊടുത്തതോടെ ശൗര്യം അടങ്ങി. കള്ളക്കേസാണെന്ന് പറഞ്ഞപ്പോൾ പിന്നെന്തിന് ഒളിവിൽപോയി എന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ല. പയ്യന്നൂരിലെത്തിയതോടെ വീണ്ടും പൊലീസിനും മാധ്യമങ്ങൾക്കും നേരെ ആക്ഷേപശരം തൊടുത്ത്​ എവിടെയും ഒളിച്ചിട്ടില്ലെന്നും പയ്യന്നൂരിൽതന്നെ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. എന്നാൽ, ഈ സമയത്തെല്ലാം ഭർത്താവ് കൃഷ്​ണകുമാർ മൗനം പാലിച്ചു. വൈകീട്ട് മൂന്നരയോടെയാണ് പയ്യന്നൂർ സി.ഐ ഓഫിസിൽ ഇവരെ എത്തിച്ചത്.

Tags:    
News Summary - Property Stolen case: culprit surrender - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.