മഞ്ചേരി: പുരാവസ്തുപ്രാധാന്യം കണക്കിലെടുത്ത് പട്ടർകുളത്തെ കുടക്കല്ല് സംരക്ഷണത്തിന് വഴിയൊരുങ്ങുന്നു. സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കാനാണ് പുരാവസ്തുവകുപ്പ് തയാറെടുക്കുന്നത്. ഇതിെൻറ ഭാഗമായി വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. പുരാവസ്തു ഡയറക്ടറുടെ ഉത്തരവുപ്രകാരം ജില്ല കലക്ടർ റിപ്പോർട്ട് തയാറാക്കാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ സ്ഥലം സന്ദർശിച്ചത്.
കുടക്കല്ല് നിലനിൽക്കുന്ന രണ്ടു സെൻറ് സ്ഥലവും നാല് അടി വീതിയുള്ള വഴിയും ഉൾപ്പെടുന്ന സ്ഥലത്തിെൻറ സർവേ നമ്പർ അടക്കമുള്ള രേഖകൾ ഹാജരാക്കൻ സ്ഥലയുടമകളോട് വില്ലേജ് അധികൃതർ നിർദേശിച്ചു. തുടർന്ന് സ്കെച്ച് അടക്കം തയാറാക്കി ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകും. സ്ഥലവും ഇതിലേക്ക് മൂന്നു മീറ്റർ വീതിയിൽ വഴിയും വിട്ടുനൽകാൻ ഉടമസ്ഥർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സമ്മതപക്ഷം വില്ലേജ് ഓഫിസർക്ക് കൈമാറി.
പട്ടർകുളത്തെ കുടക്കല്ല് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മുഹമ്മദ് യാസിൽ 2019ൽ പുരാവസ്തുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനും ഇവിടേക്ക് വഴി കണ്ടെത്തുന്നതിനും വേണ്ടിയാണ് റവന്യൂസംഘം സ്ഥലം സന്ദർശിച്ചത്.
ശിലായുഗ മനുഷ്യർ മൃതദേഹം അടക്കംചെയ്യുന്ന സ്ഥലത്ത് സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. തൊപ്പിക്കല്ല് എന്നപേരിലും അറിയപ്പെടുന്നു. ചരിത്രകാരനായ വില്യം ലോഗെൻറ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ ഈ കല്ലിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. നിരവധി ചരിത്രവിദ്യാർഥികളും ഗവേഷകരുമടക്കം നിരവധിപേർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. നറുകര വില്ലേജ് ഓഫിസർ എം. അബ്ദുൽ അസീസ്, ഫീൽഡ് അസിസ്റ്റൻറ് മുരളി മോഹൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.