ആധാർ കാർഡിന് ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സംഭവം: നഗരസഭ സെക്രട്ടറിക്കെതിരെ പ്രതിഷേധം

പാലക്കാട്: ആധാർ കാർഡ് എടുക്കാൻ ഒപ്പ് വാങ്ങാനെത്തിയ സ്ത്രീയോട് ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം. ശിരോവസ്ത്രം അഴിച്ചാൽ മാത്രമേ ഒപ്പിടൂവെന്ന് നിർബന്ധം പറഞ്ഞ നഗരസഭ സെക്രട്ടറി അനിത ദേവിക്കെതിരെ വിവിധ പാർട്ടികൾ പ്രതിഷേധം നടത്തി. ഡി.വൈ.എഫ്.ഐ, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി പ്രവർത്തകരാണ് പ്രതിഷേധിച്ചത്.

രാവിലെ 10ന് നഗരസഭ സെക്രട്ടറിയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുസ്ലിം ലീഗ് കൗൺസിലർമാരും പ്രതിഷേധവുമായെത്തി. ഇവരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വനിത ലീഗിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി. വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സെക്രട്ടറി അവധിയിലാണ്.

പാലക്കാട് നഗരസഭയിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആധാർ കാർഡിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ ഒപ്പ് ആവശ്യപ്പെട്ടാണ് പാലക്കാട് മേപ്പറമ്പ് സ്വദേശിനിയും ഭർത്താവും വാർഡ് കൗൺസിലറുമൊത്ത് നഗരസഭയിലെത്തിയത്. ശിരോവസ്ത്രം അഴിച്ചാൽ മാത്രമേ ഒപ്പിടൂവെന്ന് പറഞ്ഞതായാണ് പരാതി. വിവരമറിഞ്ഞ് വിവിധ കക്ഷി കൗൺസിലർമാർ പ്രതിഷേധവുമായി ഓഫിസിലെത്തിയതോടെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന റവന്യൂ ഓഫിസർ അനിത ദേവി മാപ്പ് പറയുകയും ഒപ്പിട്ടു നൽകുകയും ചെയ്തു.

അപേക്ഷയിൽ ഒപ്പിടുന്നതിന് മുമ്പ് യുവതി ശിരോവസ്ത്രം അഴിച്ച് മുഖം കാണിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും തന്‍റെ വാക്കുകളെ ഒരു വിഭാഗം തെറ്റിദ്ധരിക്കുകയായിരുന്നെന്നും അനിത ദേവി പറയുന്നു. എന്നാൽ, യുവതി മുഖം മറച്ചിരുന്നില്ലെന്നും ശിരോവസ്ത്രം അഴിക്കണമെന്നുള്ള സെക്രട്ടറിയുടെ തീരുമാനം വിവേചനപരമായിരുന്നെന്നും കൗൺസിലർ ഹസനുപ്പ പറഞ്ഞു.

Tags:    
News Summary - asking to remove headscarf for Aadhaar: Protest against Palakkad Corporation secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.