വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ നടത്തിയ രാജ്ഭവൻ മാർച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി. മ്യൂസിയം ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് രാജ്ഭവനുമുന്നിൽ പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. തുടർന്ന്, എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഭരണഘടന സാധുതയെ ചോദ്യം ചെയ്ത് പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിൽ ഉയർത്തിയ തടസ്സവാദങ്ങളെ മുഖവിലക്കെടുക്കാതെയുള്ള വഖഫ് നിയമഭേദഗതി രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി അണിനിരന്നത് രാജ്യത്തിന്റെ മതേതര പൈതൃകത്തിന് കരുത്തും പ്രതീക്ഷയും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. നിയമം പിൻവലിക്കാത്ത പക്ഷം പാർലമെൻറ് മാർച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നയപ്രഖ്യാപനം നടത്തി. വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമപരവും ജനകീയവുമായ പോരാട്ടം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കെ.പി. മുഹമ്മദ്, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, പാങ്ങോട് കമറുദ്ദീൻ മൗലവി, അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ, മുഹമ്മദ് നദീർ മൗലവി ഈരാറ്റുപേട്ട, തോന്നയ്ക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി, മാർക്ക് അബ്ദുൽ സലാം, കുറ്റിയിൽ ഷാനവാസ്, കടയ്ക്കൽ ജുനൈദ്, എം.എം. ജലീൽ പുനലൂർ, പ്രഫ. കെ.വൈ. മുഹമ്മദ് കുഞ്ഞ്, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, ജലാലുദ്ദീൻ മൗലവി കായംകുളം, കുളത്തൂപ്പുഴ സലിം, സുൽഫിക്കർ സലാം, യൂസുഫ് മോളൂട്ടി, മുണ്ടക്കയം ഹുസൈൻ മൗലവി, ജാഫർ കുമളി, എ.എം. താജ് ആരുഡിയിൽ, ബീമാപള്ളി റഷീദ്, എം. ലിയാഖത്ത് അലി ഖാൻ, കണ്ണനല്ലൂർ നിസാം, നേമം ഷാഹുൽ ഹമീദ്, ഹാരിസ് കരമന, എ.എം.ആർ. ഹാഷിം, റിയാസ് സമദ്, ഇടമൺ സലിം, കബീർ താന്നിമൂട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.