കോഴിക്കോട്: പി.എസ്.സി കോഴയാരോപണത്തിൽ ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടി സി.പി.എം. പാർട്ടി ജില്ല സെക്രട്ടേറിയറ്റാണ് ആരോപണം ചർച്ചചെയ്ത് വിശദീകരണം തേടാൻ തീരുമാനിച്ചത്. വിഷയം ഏറെ ഗൗരവമുള്ളതാണെന്നും കടുത്ത നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നെങ്കിലും എല്ലാവശവും പരിശോധിച്ച് തെറ്റുകാരനെന്ന് കണ്ടാൽ മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും ചിലർ അഭിപ്രായപ്പെട്ടു. ഇതോടെയാണ് ആരോപണം നേരിടുന്ന നേതാവിന്റെ വിശദീകരണം കൂടി കേട്ടശേഷം നടപടി മതിയെന്ന ധാരണയിലെത്തിയത്.
ആരോപണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിൽതന്നെ ചില പ്രശ്നങ്ങൾ പാർട്ടി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പണം വാങ്ങി എന്ന പരാതിയിൽ കൂടുതൽ വ്യക്തത വരാനുണ്ട്. മാത്രമല്ല ജില്ലയിലെ ചില നേതാക്കൾ തമ്മിലുള്ള സമവാക്യം മാറിയതിനെതുടർന്നുള്ള പരാതിയാണിതെന്നും ചിലർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പെട്ടെന്ന് പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കുന്നത് സർക്കാറിനും പാർട്ടിക്കുമെതിരെ എതിരാളികളും മാധ്യമങ്ങളും ആയുധമാക്കുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. എന്നാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എല്ലാം പാർട്ടി അന്വേഷിക്കട്ടെ എന്നുമാണ് ചൊവ്വാഴ്ചയും പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രമോദ് കോട്ടൂളി ഉൾപ്പെടുന്ന ടൗൺ ഏരിയ കമ്മിറ്റി യോഗവും ചൊവ്വാഴ്ച ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ, ജില്ല സെക്രട്ടറി പി. മോഹനൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രമോദിന്റെ വിശദീകരണം ലഭിച്ചശേഷം ഉചിതമായ നടപടിയുണ്ടാകുമെന്നാണ് നേതാക്കൾ അറിയിച്ചത്. തന്റെ പേരടക്കം ഉപയോഗിച്ചുള്ള വിവാദത്തിൽ ജില്ല നേതൃത്വം ശക്തമായ നടപടി സ്വീകരിക്കാത്തിൽ, മന്ത്രി റിയാസ് അതൃപ്തി അറിയിച്ചതിനെതുടർന്ന് സംസ്ഥാന നേതൃത്വം ജില്ല കമ്മിറ്റിയോടും വിവരങ്ങൾ തിരക്കിയിട്ടുണ്ട്.
കോഴിക്കോട്: പി.എസ്.സി അംഗത്വത്തിന് പാർട്ടി ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന ആരോപണം മാധ്യമങ്ങൾക്ക് മുന്നിൽ തള്ളി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ. ഇതുസംബന്ധിച്ച് പാർട്ടിക്ക് ഒരറിവുമില്ല. എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി പാർട്ടിയെയും സർക്കാറിനെയും കരിവാരി തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ഏതെങ്കിലും തെളിവ് കൈയിലുണ്ടോ എന്നായിരുന്നു സെക്രട്ടറിയുടെ മറുചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.